സ്കോളർഷിപ് നിർത്തി; എന്തുചെയ്യണമെന്നറിയാതെ വിദ്യാർഥികൾ
text_fieldsകോഴിക്കോട്: അകാരണമായി നിർത്തിവെച്ച പോസ്റ്റ് മെട്രിക് സ്കോളർഷിപ് പുനഃസ്ഥാപിച്ചുകിട്ടാൻ വിദ്യാർഥികളുടെ നെട്ടോട്ടം. പോണ്ടിച്ചേരി സർവകലാശാലയിലെ എം.ബി.എ (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) കോഴ്സിനു പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപെട്ട ഒരുകൂട്ടം വിദ്യാർഥികളാണ് വകുപ്പ് മേധാവികൾക്കും മന്ത്രിക്കും പരാതി നൽകി കാത്തിരിപ്പ് തുടരുന്നത്.
കഴിഞ്ഞ വർഷം വരെ ലഭിച്ചിരുന്ന സ്കോളർഷിപ്പാണ് ഇക്കുറി പെട്ടെന്ന് നിർത്തിവെച്ചത്. കേരള സർക്കാർ, കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകിവരുന്ന ഇ ഗ്രാൻറ്സ് സ്കോളർഷിപ്പിനാണ് വിദ്യാർഥികൾ അപേക്ഷിച്ചത്. ഒരേ സമയം ഒന്നിൽ കൂടുതൽ സ്കോളർഷിപ്പുകൾക്ക് അനുവദിക്കാൻ പാടില്ലെന്നതിനാൽ മറ്റൊന്നിനും ഇവർ അപേക്ഷിച്ചതുമില്ല.
ഇ ഗ്രാൻറ്സ് വെബ്സൈറ്റ് വഴി മതിയായ രേഖകൾ സമർപ്പിച്ച് അപേക്ഷിച്ച വിദ്യാർഥികൾ രണ്ടാം സെമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് സ്കോളർഷിപ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചത്. അപേക്ഷകളിലെ അപാകതകൾ തിരുത്താൻ വരെ അനുവദിച്ച ശേഷമാണ് നിർത്തലാക്കിയ വിവരം വിദ്യാർഥികൾക്ക് ലഭിച്ചത്. ഇന്ത്യക്കകത്തും പുറത്തുമായി വളരെ കുറച്ച് സ്ഥാപനങ്ങളിൽ മാത്രമേ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എം.ബി.എ ഉള്ളൂ എന്നതിനാലാണ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ തന്നെ പഠിക്കാൻ തങ്ങൾ തീരുമാനിച്ചതെന്നും മറ്റിടങ്ങളിലേക്കാൾ ഫീസ് ഇവിടെ കുറവാണെന്നും വിദ്യാർഥികൾ പറയുന്നു.
അതേസമയം, സ്വാശ്രയ കോഴ്സ് ആണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സ്കോളർഷിപ് നിർത്തിവെച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. പൂർണമായും കേന്ദ്രസർക്കാറിന്റെ ഫണ്ടിൽനിന്നാണ് സ്കോളർഷിപ് അനുവദിക്കുന്നത്. കഴിഞ്ഞവർഷം വരെ നൽകിയിരുന്ന സ്കോളർഷിപ്പാണിത്. എന്നാൽ, ഇത്തവണയാണ് സർവകലാശാല, സ്വശ്രയ കോഴ്സാണിത് എന്ന് ഇ ഗ്രാന്റ്സ് വിഭാഗത്തെ അറിയിച്ചത്. സ്വാശ്രയ കോഴ്സുകൾക്ക് സ്കോളർഷിപ് അനുവദിക്കാനാവില്ലെന്നാണ് നിയമമെന്നും ഇ ഗ്രാൻഡ്സ് (ഒ.ബി.സി വിഭാഗം) ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു.
താൽക്കാലികമായാണ് സ്കോളർഷിപ് നിർത്തിയതെന്നും വിദ്യാർഥികളിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സ്കോളർഷിപ് മുടങ്ങാതിരിക്കാൻ കേന്ദ്രത്തോട് ആവശ്യമുന്നയിക്കണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും ഡയറക്ടർ അറിയിച്ചു. 24ഓളം വിദ്യാർഥികളാണ് ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.