സ്കൂള്‍ കലോത്സവം: ഒരുക്കം അവസാന ഘട്ടത്തിൽ
text_fieldsകൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഒരുക്കം അവസാന ഘട്ടത്തിൽ. ഹൈസ്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 105 ഉം, സംസ്കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം അടക്കം 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ജനുവരി നാലിന് രാവിലെ ഒമ്പതിന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. തുടർന്ന് പ്രധാന വേദിയിൽ ദൃശ്യവിസ്മയം അരങ്ങേറും. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ജനുവരി എട്ടിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ മന്ത്രി കെ.എന്‍. ബാലഗോപാൽ അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കും.എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും സാംസ്കാരിക സ്കോളര്‍ഷിപ്പായി 1000 രൂപ നല്‍കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗല്ഭ വ്യക്തികളെയാണ് വിധി നിര്‍ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധിനിര്‍ണയത്തിൽ തര്‍ക്കം ഉയർന്നാല്‍ അന്തിമതീരുമാനം എടുക്കുന്നതിന് സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
രജിസ്ട്രേഷന് കൊല്ലം ടൗണ്‍ യു.പി.എസില്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് ആരംഭിക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാർഥികള്‍ക്ക് താമസത്തിനായി 31 സ്കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസസൗകര്യമാണ് ഒരുക്കുക. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ക്രാവന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ഭക്ഷണപ്പന്തല്‍. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഈ വര്‍ഷവും പാചകം.ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ജനുവരി മൂന്നിന് രാത്രി ഭക്ഷണത്തോടെ ഊട്ടുപുര പ്രവര്‍ത്തനം തുടങ്ങും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയാണ് ജേതാക്കളായത്. ചൊവ്വാഴ്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയായി കോഴിക്കോട്ടുനിന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ സ്വീകരിച്ച് കൊല്ലത്തേക്ക് കൊണ്ടുവരും.ഘോഷയാത്ര ബുധനാഴ്ച വൈകീട്ട് കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും. കൊല്ലം ജില്ലയുടെ ആദ്യ സ്വീകരണ സ്ഥലമായ കുളക്കടയില്‍വെച്ച് സംഘാടക സമിതി ചെയര്മാൻ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കപ്പ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.