പീഡനം: അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ; തെളിവുണ്ടെന്ന് അഡ്വ. ബീന പിള്ള
text_fieldsമലപ്പുറം: വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭാംഗവുമായിരുന്ന കെ.വി. ശശികുമാറിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സെന്‍റ് ജെമ്മാസ് ഗേൾസ് സ്കൂൾ അധികൃതർ. വിദ്യാർഥിനികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കാത്ത സംഭവത്തിൽ എങ്ങനെ നടപടി എടുക്കാനാവുമെന്നും സ്കൂൾ മാനേജ്മെന്റ് ചോദിച്ചു.
എന്നാൽ, കെ.വി. ശശികുമാറിനെതിരെ സെൻറ് ജെമ്മാസ് സ്കൂളിന്‍റെ കോർപറേറ്റ് മാനേജ്മെന്റിനടക്കം പരാതി നൽകിയതിന് തെളിവുണ്ടെന്ന് പൂർവ വിദ്യാർഥിനികളിലൊരാളും ബംഗളൂരുവിൽ അഭിഭാഷകയുമായ ബീന പിള്ള പറഞ്ഞു. ബുധനാഴ്ച മലപ്പുറം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.
രേഖാമൂലം പരാതി നൽകിയ സംഭവം എന്തിനാണ് സ്കൂൾ അധികൃതർ നിഷേധിക്കുന്നതെന്നും അവർ ചോദിച്ചു. അഞ്ചു മുതൽ എഴു വരെ ക്ലാസിൽ പഠിക്കുമ്പോൾ സംഭവിച്ചത് പീഡനമായിരുന്നെന്ന് പലരും തിരിച്ചറിയുന്നത് പത്താം ക്ലാസിലെത്തുമ്പോഴാണ്. ഈ സമയം പരാതിയുമായി സമീപിച്ച വിദ്യാർഥിനികളോട് 'കൊഞ്ചിക്കുഴയാൻ പോകാതിരുന്നാൽ നിങ്ങൾ സേഫാണ്' എന്ന തരത്തിലുള്ള മറുപടിയാണ് അധികൃതർ നൽകിയത്. ചില കേസുകളിൽ കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നേരിട്ട് പോയി 'കൈകാര്യം ചെയ്ത' സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
അധ്യാപകൻ ഒളിവിൽ; വ്യാപക പ്രതിഷേധം
30 വർഷത്തോളം മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂൾ അധ്യാപകനായിരുന്ന കെ.വി. ശശികുമാറിനെതിരെ ഉയർന്ന പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം. സി.പി.എം നേതാവും മലപ്പുറം നഗരസഭ അംഗവുമായിരുന്ന കെ.വി. ശശികുമാറിനെതിരെ മലപ്പുറം വനിത പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നടപടി നീളുന്നതിനെതിരെ വിവിധ വനിത-യുവജന സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മലപ്പുറം വനിത പൊലീസ് സ്റ്റേഷനിലേക്ക് വനിത ലീഗ് മുനിസിപ്പൽ കമ്മിറ്റിയും മലപ്പുറം നഗരത്തിൽ യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തി. സെന്‍റ് ജെമ്മാസ് സ്കൂളിലേക്ക് ഫ്രറ്റേണിറ്റി, വിമൺ ജസ്റ്റിസ് മൂവ്മെന്റ് എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറി.
പീഡനത്തിന്‍റെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് ആവശ്യപ്പെട്ടു. വിദ്യർഥിനികളുടെ പരാതി അവഗണിച്ച് അധ്യാപകന്‍റെ പീഡനത്തിന് കൂട്ടുനിന്ന സ്കൂൾ മാനേജ്മെന്റിനെതിരെ പോക്സോ പ്രകാരം കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നിലവിൽ ഒരു പരാതിയാണ് ലഭിച്ചതെന്നും ഇതിൽ മൊഴി എടുത്തിട്ടുണ്ടെന്നും വനിത പൊലീസ് സി.ഐ. റസിയ ബംഗാളത്ത് അറിയിച്ചു. കൂടതൽ പരാതികൾ ലഭിച്ചാൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അവർ പറഞ്ഞു. മാർച്ച് 31ന് സ്കൂളിൽനിന്ന് വിരമിക്കുന്നത് സംബന്ധിച്ച് ഇദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ പൂർവ വിദ്യാർഥിനികളിലൊരാൾ പങ്കുവെച്ച കുറിപ്പിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇരകളായ ഒട്ടേറെ പേർ ഈ പോസ്റ്റിന് കീഴിൽ അനുഭവങ്ങളും പങ്കുവെച്ചു. സംഭവം വിവാദമായതോടെ നഗരസഭ അംഗത്വം രാജിവെക്കുകയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.