സർ...മലയാളം പഠിച്ചു, കേട്ടെഴുത്തിടാന്‍ എന്നുവരും സ്കൂളിൽ
text_fieldsവടുതല(ആലപ്പുഴ): ബഹുമാനപ്പെട്ട തോമസ് ഐസക് സാര്‍, എന്റെ പേര് ശ്രീഹരി. ഞാന്‍ ശ്രീ ചിത്തിര മഹാരാജവിലാസം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഇവിടെ വന്ന് ചേര്‍ന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സാര്‍ പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചുകഴിഞ്ഞു. സാര്‍ കേട്ടെഴുത്തിടാന്‍ എന്നുവരും?. സ്കൂളിൽ നിന്ന് മലയാളം എഴുതാനും വായിക്കാനും പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ സ്‌കൂളില്‍ വരുമോ എന്നും മന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഏഴാം ക്ലാസ്സുകാരന്റെ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി തോമസ് ഐസക് അന്ന് നല്‍കിയ വാക്കായിരുന്നു കേട്ടെഴുത്തെടുക്കാന്‍ വീണ്ടും സ്കൂളിൽ വരുമെന്നത്.മന്ത്രി പറഞ്ഞതനുസരിച്ച് കേട്ടെഴുത്തെടുക്കാന്‍ എന്നുവരുമെന്നുമായിരുന്നു ശ്രഹരിക്ക് അറിയേണ്ടിയിരുന്നത്. കത്ത് കൈയിൽ ലഭിച്ചയുടൻ തന്നെ മന്ത്രി ശ്രീഹരിക്ക് മറുപടിയും നൽകി.പ്രിയപ്പെട്ട ശ്രീഹരി , മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍.എന്നായിരുന്നു മറുപടി.
മറുപടി ലഭിച്ച സന്തോഷത്തിലാണ് ശ്രീഹരിയും കൂട്ടുകാരും.മന്ത്രിയെ കേട്ടെഴുത്തിടാന്‍ സ്വീകരിക്കാൻ സ്കൂളിൽ ഒരുക്കങ്ങളും ആരംഭിച്ചു.തോമസ് ഐസക്ക് തന്നെയാണ് തനിക്ക് ലഭിച്ച കത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.പോസ്റ്റിട്ട് മൂന്ന് മണിക്കൂറിനകം 2000ലേറെ പേരാണ് ഇത് ഷെയര്‍ ചെയ്തത്.കൂടാതെ നിരവധിപേർ ഇതിനോടകം പോസ്റ്റില്‍ പ്രതികരണങ്ങളും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.