കോൺക്രീറ്റ് സ്ലാബുകൾ ഇളകി വീഴുന്നു; കുട്ടികളുടെ ജീവനു ഭീഷണി ഉയർത്തി സ്കൂൾകെട്ടിടം
text_fieldsആറാട്ടുപുഴ: വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീഴുന്നത് അപകടഭീഷണി ഉയർത്തുന്നു. ഹയർസെക്കൻഡറി വിഭാഗവും പ്രഥാമാധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും ഓഫീസും പ്രവർത്തിച്ചു വരുന്ന മൂന്നു നില കെട്ടിടത്തിന്റ ഷേഡും മേൽക്കൂരയുമാണ് പൊളിഞ്ഞു വീഴുന്നത്. 2008-ൽ സുനാമി സ്മാരക മന്ദിരമായാണ് ഈ കെട്ടിടം നിർമിച്ചത്.
കുറഞ്ഞ നാളുകൾക്ക് ഉള്ളിൽ തന്നെ കെട്ടിടത്തിൻ്റെ വരാന്ത മുഴുവൻ ഇടിഞ്ഞ് താഴ്ന്നു. പിന്നീട് ഇത് അറ്റകുറ്റപണി നടത്തി. ഇപ്പോൾ മൂന്നു നിലകളിലെയും കോൺക്രീറ്റ് അടർന്നു വീഴുന്നതിനാൽ കെട്ടിടം ഉപയോഗശൂന്യമായി. അപകടത്തിൽ നിന്നും കുട്ടികളും അധ്യാപകരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കെട്ടിടം ജീർണാവസ്ഥയിലായിട്ട് നാളുകളായി. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പലതവണ ജില്ലാ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും പ്രശ്നം ഗൗരവത്തിൽ എടുത്തിട്ടില്ല.
കോൺക്രീറ്റ് പാളികൾ ഇളകി വീണ് തുടങ്ങിയതോടെ കുട്ടികൾ ഈ കെട്ടിടത്തിൽ കയറാതിരിക്കാൻ പി.ടി.എ യും അധ്യാപകരും ജാഗ്രത പുലർത്തുന്നുണ്ട്. അപകടത്തിലായ കെട്ടിടത്തിനടുത്ത് കുട്ടികൾ എത്താതിരിക്കാൻ കയർ കെട്ടി തിരിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി നിരന്തരം ആവശ്യപ്പെടുമ്പോഴും പേപ്പർ ജോലികൾ നടക്കുകയാണെന്ന മറുപടിയാണ് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നത്.. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.