നവകേരള യാത്രക്ക് സ്കൂൾ ബസുകൾ: സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
text_fieldsകൊച്ചി: നവകേരള യാത്രക്ക് ആളുകളെ കൊണ്ടുവരാൻ സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ബസുകൾ വിട്ടുനൽകാനുള്ള വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവ് ചോദ്യംചെയ്ത് കാസർകോട് കൊട്ടോടി സെന്‍റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയുടെ പിതാവായ ഫിലിപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പാക്കരുതെന്നും നിർദേശിച്ചു.
പ്രവൃത്തിദിവസം ബസ് വിട്ടുനൽകാനുള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഹരജിയിൽ പറയുന്നു. വിദ്യാർഥികളുടെ യാത്രക്കും വിദ്യാഭ്യാസ പരിപാടികൾക്കും മാത്രമേ സ്കൂൾ ബസുകൾ ഉപയോഗിക്കാവൂവെന്നാണ് ചട്ടം. എന്നാൽ, സംഘാടക സമിതി ആവശ്യപ്പെട്ടാൽ നവ കേരള യാത്രക്ക് ബസുകൾ വിട്ടുനൽകണമെന്ന നിർദേശമാണ് സ്കൂൾ മേധാവികൾക്ക് കിട്ടിയിരിക്കുന്നത്.
ഇത് അധികാരപരിധി ലംഘനവും കേരള മോട്ടോർ വെഹിക്കിൾസ് നിയമത്തിന് വിരുദ്ധവുമാണ്. പ്രവൃത്തിദിവസമാണെങ്കിലും അധ്യാപകരും ജീവനക്കാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അധികൃതരുടെ വാക്കാൽ നിർദേശമുണ്ട്. ഇത്തരം നിർദേശങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർഥികളെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് നിർദേശം സ്റ്റേ ചെയ്തത്. ഹരജി പിന്നീട് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.