കോളജുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്; ഒന്ന്-ഒമ്പത് ക്ലാസുകൾ നാളെ മുതൽ ഓൺലൈനിൽ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ വെള്ളിയാഴ്ച അടയ്ക്കുന്നു. രണ്ടാഴ്ചത്തേക്കാണ് ഈ ക്ലാസുകളിലെ വിദ്യാർഥികളെ ഓൺലൈൻ/ഡിജിറ്റൽ ക്ലാസിലേക്ക് മാറ്റുന്നത്. പൊതുപരീക്ഷ എഴുതുന്ന 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ അധ്യയനം നിലവിലെ രീതിയിൽ തുടരും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്നതിനാൽ ഇതിനനുസൃതമായി ഇവരുടെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകളുടെ സമയക്രമം പുതുക്കിയിട്ടുണ്ട്.
കുട്ടികൾക്കിടയിലും അധ്യാപകർക്കിടയിലും രോഗവ്യാപനമുണ്ടെന്ന് വ്യക്തമായതോടെയാണ് 10, പ്ലസ് വൺ, പ്ലസ് ടു ഒഴികെയുള്ള ക്ലാസുകളിലെ കുട്ടികൾ സ്കൂളിൽ വരുന്നത് ഒഴിവാക്കിയത്. രോഗവ്യാപനതോത് കൂടി പരിശോധിച്ച ശേഷം കോവിഡ് വിദഗ്ധസമിതി അഭിപ്രായപ്രകാരമായിരിക്കും നേരിട്ട് ഹാജരായുള്ള അധ്യയനം പുനരാരംഭിക്കുക.
കുട്ടികളിൽ കൂട്ടത്തോടെ രോഗവ്യാപനം വന്നതോടെ പല സ്കൂളുകളും ക്ലസ്റ്ററുകളായി മാറുകയും അവധി നൽകുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ 10, പ്ലസ് വൺ, പ്ലസ് ടു കുട്ടികളെ സ്കൂളിലെത്തിച്ചുള്ള അധ്യയനവും വെല്ലുവിളിയാകും. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കോളജുകൾ അടക്കുന്നതിൽ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകനസമിതിയോഗം തീരുമാനമെടുക്കും. പഠനം ഓൺലൈനാക്കുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.