‘ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ബാഗ് വാങ്ങണ്ടേ..’; കൂലി ഇനിയും കുടിശ്ശിക, വഴിമുട്ടി പാചകത്തൊഴിലാളികൾ
text_fieldsതിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. പക്ഷേ, സ്കൂൾ പാചകത്തൊഴിലാളികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ വേതനം ഇനിയും കിട്ടിയിട്ടില്ല. മാർച്ച് മാസത്തെ വേതനമായ 13,000 രൂപയിൽ സർക്കാർ ആകെ നൽകിയത് 4000 രൂപ. വേനലവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ 2000 രൂപ വീതം നൽകണമെങ്കിലും അതും കുടിശ്ശിക. സ്കൂൾ വിപണിയെല്ലാം അവസാനത്തിലേക്ക് കടക്കുമ്പോഴും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബാഗും പുസ്തകങ്ങളുമെല്ലാം എങ്ങനെ വാങ്ങുമെന്നറിയാതെ നീറിക്കഴിയുകയാണ് പാചകത്തൊഴിലാളികൾ.
കൂലി ചോദിക്കുമ്പോഴെല്ലാം കേന്ദ്രം നിർദേശിക്കുന്ന കൂലി പ്രതിമാസം 1000 രൂപയാണെന്നും എന്നാൽ, കേരളത്തിൽ ദിവസം 600 രൂപ നൽകുന്നുണ്ടെന്നുമുള്ള കണക്കാണ് സർക്കാർ നിരത്തുന്നത്. 13,923 പാചകത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 500 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഉച്ചഭക്ഷണം തയാറാക്കുന്നതിന് 600 രൂപയാണ് കൂലി. 500 കുട്ടികളിൽ കൂടുതൽ എത്രയാണെങ്കിലും 675 രൂപ. 80 വയസ്സ് വരെ പ്രായമുള്ളവർ സ്കൂളുകളിൽ പണിയെടുക്കുന്നുണ്ട്. 35 ഉം 45 ഉം വർഷം ജോലിയെടുത്ത ശേഷം ആരോഗ്യകാരണങ്ങളാൽ ജോലിയവസാനിപ്പിക്കുന്നവർ വെറും കൈയോടെയാണ് പടിയിറങ്ങുന്നത്. വിധവകളും നിർധനരുമടക്കം അതിസാധാരണക്കാരാണ് ഈ പണിയെടുക്കുന്നത്. കൂലി 750 രൂപയാക്കുമൊന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഉള്ള കൂലി കൃത്യമായി കിട്ടിയാൽ മതിയെന്നാണ് അധികപേരുടെയും നിലപാട്.
സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിലപാടിലേക്ക് നീങ്ങുകയാണ് പാചകത്തൊഴിലാളികൾ. കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ (കെ.എസ്.ഡബ്ല്യു.എ) ജൂൺ അഞ്ചിന് അവകാശദിനമായി ആചരിക്കാനും ജൂൺ 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തുടർന്നും സമരത്തെ അവഗണിക്കുകയാണെങ്കിൽ ജോലി നിർത്തിവെച്ച് സമരത്തിലേക്ക് കടക്കാൻ നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സുജോബി ജോസ്, വി. രമാദേവി, വിമല ബാബു, സിജി രഘു, ത്രേസ്യാമ്മ ബിജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.