സ്കൂൾ പ്രവേശന പ്രായം: തീരുമാനം ശാസ്ത്രീയമാകണം -ശാസ്ത്ര സാഹിത്യ പരിഷത്ത്
text_fieldsകോട്ടയം: ഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ സംസ്ഥാന സർക്കാർ കാലോചിത പരിഷ്കാരങ്ങൾക്ക് തയാറാകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറോ ഏഴോ ആണ്. പ്രവേശന പ്രായം ഉയർത്തുന്നത് വിദ്യാഭ്യാസ നിലവാരത്തെ സഹായിക്കുന്ന ഘടകമായി പ്രവർത്തിക്കുന്നു. ഈ രാജ്യങ്ങളിലെ പാഠ്യപദ്ധതിയും കുട്ടികളുടെ നിലവാരവും വിശകലനം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും
കേരളത്തിൽ പ്രീ സ്കൂളുകളും അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട്. ഇവ തമ്മിൽ കുട്ടികളുടെ പ്രായത്തിന്‍റെ കാര്യത്തിൽ കൃത്യമായ അതിരുകൾ നിശ്ചയിക്കാത്തത് രണ്ടു സംവിധാനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. മൂന്ന്, നാല് പ്രായക്കാർ അംഗൻവാടികളിലും അഞ്ച് വയസ്സുകാർ പ്രീ സ്കൂളുകളിലും പഠിക്കുക എന്ന പൊതുസമീപനം സ്വീകരിക്കാവുന്നതാണ്. അഞ്ച് വയസ്സുകാർക്കായി ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനം ഒരുക്കാൻ സർക്കാർ മുൻകൈയെടുക്കണം.
ഒരു വയസ്സ് നേരത്തേ പഠനം ആരംഭിക്കുന്നത് കുട്ടിയുടെ വൈജ്ഞാനിക വികാസത്തെ ബാധിക്കാനിടയുണ്ട്. ഗണിതം പോലെയുള്ള വിഷയങ്ങളിലെ ക്രമീകൃതമായി പഠിക്കേണ്ട ആശയങ്ങൾ സ്വാംശീകരിക്കാൻ കുട്ടി പാകമാകുന്ന പ്രായത്തിൽ അതിന്‍റെ പഠനം ആരംഭിക്കുന്നതാണ് നല്ലത്. കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ്സാക്കുമ്പോൾ അത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിൽ ഒന്ന് ആദ്യ വർഷം ഒന്നാം ക്ലാസിൽ കുട്ടികൾ ഉണ്ടാകാനിടയില്ല എന്നതാണ്. നിലവിലുള്ള അധ്യാപകരുടെ തസ്തികയെയും നിയമനം കാത്ത് കഴിയുന്നവരെയും അത് ബാധിക്കും. പ്രശ്നങ്ങൾ പരിഹരിച്ച് ശാസ്ത്രീയമായ തീരുമാനം എങ്ങനെ കൈക്കൊള്ളാം എന്നാണ് സർക്കാർ ആലോചിക്കേണ്ടതെന്നും പ്രസിഡന്‍റ് ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.