സ്കൂൾ പരീക്ഷ നിരന്തര മൂല്യനിർണയം;വാരിക്കോരി മാർക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളിൽ നിരന്തര മൂല്യനിർണയത്തിന് (കണ്ടിന്വസ് ഇവാല്വേഷൻ-സി.ഇ) വാരിക്കോരി മാർക്ക് നൽകുന്ന രീതി അവസാനിപ്പിക്കുന്നു. പകരം വിദ്യാർഥി ആർജിച്ച ശേഷി വിവിധ രീതികളിൽ വിലയിരുത്തി സി.ഇ മാർക്കിടുന്ന രീതി കൊണ്ടുവരും.
ഇതിനായി സർക്കാർ തീരുമാന പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കിയ മാർഗരേഖക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമായി.
ഈവർഷം മുതൽ എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ വിഷയ മിനിമം കൊണ്ടുവരുന്നതിനൊപ്പം സി.ഇ മാർക്ക് നൽകുന്ന രീതിയിലും മാറ്റംവരുത്താനാണ് തീരുമാനം. അടുത്ത വർഷങ്ങളിൽ ഒമ്പതിലും പത്തിലും ഇത് നടപ്പാകും. നിലവിൽ 50 മാർക്ക് പരീക്ഷയിൽ പത്തും 100 മാർക്ക് പരീക്ഷയിൽ ഇരുപതും മാർക്ക് വിദ്യാർഥിയുടെ വിവിധ രീതിയിലുള്ള മികവുകൾ പരിഗണിച്ച് നൽകുന്നതാണ്.
എന്നാൽ, വിലയിരുത്തലുകളൊന്നുമില്ലാതെ എല്ലാവർക്കും മുഴുവൻ സി.ഇ മാർക്കും നൽകുന്നതാണ് നിലവിലെ രീതി. ഇതിനുപകരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സി.ഇ മാർക്ക് അനുവദിക്കാനുള്ള മാർഗരേഖയാണ് നടപ്പാക്കുന്നത്.
എട്ടാം ക്ലാസ് മുതൽ വിജയിക്കാൻ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും ഈ വർഷം മുതൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 മാർക്ക് പരീക്ഷയിൽ 40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 12 ഉം 100 മാർക്ക് പരീക്ഷയിൽ 80 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 24 ഉം മാർക്ക് വിദ്യാർഥി നേടണം.
നിലവിൽ സി.ഇ മാർക്ക് മുഴുവൻ ലഭിക്കുന്നതോടെ 80 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ പത്തും 40 മാർക്ക് പരീക്ഷയിൽ അഞ്ചും മാർക്ക് ലഭിച്ചാൽ വിദ്യാർഥി പാസാകും. എഴുത്തുപരീക്ഷയിൽ വിഷയമിനിമം കൊണ്ടുവരുന്നതിന്റെ തുടർച്ചയായാണ് നിരന്തര മൂല്യനിർണയത്തിലെ ഉദാര മാർക്ക് സമീപനം നിർത്തലാക്കുന്നത്.
പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി അക്കാദമിക നിരീക്ഷണത്തിന് സ്കൂൾ, ബ്ലോക്ക്, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ പ്രധാനാധ്യാപകർ, എസ്.ആർ.ജി കൺവീനർമാർ, പി.ടി.എ പ്രതിനിധി, ഡി.ഇ.ഒ, എ.ഇ.ഒ, ഡി.ഡി.ഇ, ഡയറ്റ് ഫാക്കൽറ്റി, സമഗ്ര ശിക്ഷ കേരളം പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതി രൂപവത്കരിക്കും. സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.