സ്കൂൾ കലോൽസവം: സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു- വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ കലോൽസവം: സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവം തലസ്ഥാന നഗരിയാകെ ഉത്സവലഹരിയിലാക്കി. രണ്ടാം ദിവസവും വൻജനപങ്കാളിത്തമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാടകത്തിന്റെ സമയക്രമം പാലിക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒൻപതരക്ക് തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ ഒൻപതരക്കും പത്തുമണിക്കും ഇടയിൽ തുടങ്ങാനായത് വിജയമാണ്.
മത്സര വിധികർത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തെറ്റായ രീതിയിൽ ഇടപെടുമെന്നു മുൻകാല കലോത്സവങ്ങളുടെ അനുഭവത്തിൽ സംശയിക്കുന്ന ചില സ്വകാര്യ കലാ അധ്യാപകരെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്റലിജൻസിന്റേയും വിജിലൻസിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകും.
ഇന്നു മൂന്നു മണിവരെയുള്ള കണക്ക് അനുസരിച്ച് 32 ശതമാനം മത്സരങ്ങൾ പൂർത്തിയായി. ആകെയുള്ള ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളിൽ എൺപത് എണ്ണം ആണ് പൂർത്തിയായത്. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 28 മത്സരങ്ങളും ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 34 മത്സരങ്ങളും ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ പത്തു മത്സരങ്ങളും ഹൈസ്‌കൂൾ സംസ്‌കൃതം വിഭാഗത്തിൽ എട്ടുമത്സരങ്ങളും പൂർത്തിയായി.
പുത്തരിക്കണ്ടത്തെ ഭക്ഷണപന്തലിൽ ഇന്നലെയും ഇന്നുമായി 47,000 പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചത്. ഇന്നലെ രാത്രി ഒരുമണിവരെ ഭക്ഷണം നൽകി. ഇന്നലെ മാത്രം 30,000 പേർക്കു ഭക്ഷണം നൽകാനായി.
ഇന്നത്തെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് കലോത്സവത്തിനെത്തിയ പതിനാറായിരം പേർക്കു ഭക്ഷണം നൽകാനായി. മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾ തിരിച്ചുള്ള പോയിന്റ് നില ഇപ്പോൾ പറയുന്നില്ല. കൈറ്റ് വിക്‌ടേഴ്‌സിന്റെ ഉത്സവം ആപ്പിൽ വിശദാംശങ്ങൾ ലഭ്യമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് മനസിലാക്കുന്നത്. സമാപന സമ്മേളനം വിപുലമായ രീതിയിൽ നടക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.