ആർഭാടമില്ലാതെ സ്കൂൾമേളകൾ നടത്തും- മന്ത്രി രവീന്ദ്രനാഥ്
text_fieldsതിരുവനന്തപുരം: ആഘോഷവും ആർഭാടവും ഒഴിവാക്കി ‘സെലക്ഷൻ പ്രൊസസിൽ’ സ്കൂൾ ശാസ്ത്ര, കായിക, കലാമേളകൾ നടത്തുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാമേള എങ്ങനെ വേണമെന്നും ഏതൊക്കെ ഇനങ്ങൾ, ഏതൊക്കെ തലങ്ങളിൽ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ 17ന് മാന്വൽ കമ്മിറ്റി യോഗംചേരും. തീയതികളും അന്ന് തീരുമാനിക്കും.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ മേളകൾ അടക്കമുള്ളവ ഉപേക്ഷിക്കുമെന്നറിയിച്ച് നേരത്തെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി വിവിധ തലങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയ ശേഷമാണ് ആഘോഷങ്ങൾ ഒഴിവാക്കി മേള നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സ്കൂൾ കലാമേള ആലപ്പുഴയിൽ നടത്താനാണ് നിലവിൽ തിരുമാനിച്ചിരുന്നതെങ്കിലും ഇതിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി പന്തലുകളും മറ്റും ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. യു.പി, എൽ.പി വിഭാഗങ്ങളുടെ മത്സരങ്ങൾ സ്കൂൾ തലത്തിൽ മാത്രമായിരിക്കും. സബ്ജില്ല തലത്തിലേക്ക് ഇത് പോകില്ല. ചില ഇനങ്ങൾ ഒഴിവാക്കാനും സാധ്യതയുണ്ട്. കായിക, ശാസ്ത്രമേളകൾ ദേശീയമത്സരങ്ങളിൽ പെങ്കടുക്കേണ്ട ഇനങ്ങളിൽ മാത്രമായി ചുരുക്കിയേക്കും.
കലോത്സവവുമായി ബന്ധപ്പെട്ട സർക്കാർ തലത്തിലെ ആഘോഷങ്ങൾ പൂർണമായി ഒഴിവാകും. ‘തെരഞ്ഞെടുപ്പ് രീതിയിൽ’ മത്സരം നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അത് എങ്ങനെ വേണമെന്നത് മാന്വൽ കമ്മിറ്റി ചർച്ചചെയ്യും. ആലപ്പുഴയിൽ കലാമത്സരം നടത്താൻ കഴിയുേമായെന്നതടക്കമുള്ള കാര്യങ്ങളും ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസ് പരീക്ഷക്ക് മാറ്റമുണ്ടാകില്ലെന്നും പ്രളയത്തിന് ശേഷം കുട്ടികൾക്ക് കൗൺസലിങ് നടത്തിവരികയാെണന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.