വിദ്യാഭ്യാസ ഗുണനിലവാരം: നിതി ആയോഗ് സൂചികയിൽ കേരളം ഒന്നാമത്; പിന്നിൽ യു.പി
text_fieldsന്യൂഡൽഹി: നിതി ആയോഗ് തയാറാക്കിയ രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരസൂചികയിൽ ഒന്നാം സ്ഥാനം കൈയടക്കി കേരളം. ഏറ്റവും പിന്നിൽ ഇടംപിടിച്ചത് യു.പിയാണ്. 20 വലിയ സംസ്ഥാനങ്ങളിൽ 76.6 ശതമാനം സ്കോർ നേടിയാണ് കേരളം ഈ ബഹുമതിക്കർഹമായത്.
36.4 ശതമാനമാണ് യു.പിയുടെ സ്കോർ. യു.പിയും അസമും ഹരിയാനയും മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു. പഠനരംഗത്തേക്കുള്ള പ്രവേശനം, പഠനത്തിെൻറ പ്രതിഫലനം, ഗുണനിലവാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങൾവെച്ചാണ് സൂചിക തയാറാക്കിയത്. ചെറുസംസ്ഥാനങ്ങളിൽ മണിപ്പൂർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡിഗഢാണ് ഒന്നാമത്. പശ്ചിമ ബംഗാൾ ഈ വിലയിരുത്തലിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. അതിനാൽ അവരെ റാങ്കിങ്ങിൽ ഉൾപ്പെടുത്താനായില്ല.
സർക്കാറിനുള്ള അംഗീകാരം –മുഖ്യമന്ത്രി
തിരുവനന്തപുരം: നിതി ആയോഗ് പുറത്തുവിട്ട സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര റിപ്പോർട്ടിൽ കേരളം മുന്നിലെത്തിയത് സംസ്ഥാന സർക്കാറിെൻറ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന ‘സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019’ ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 44 മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുള്ള അംഗീകാരം –മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുപോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് നിതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിൽ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ സംസ്ഥാനത്തിന് ലഭിച്ച നേട്ടമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.