സ്കൂൾ പാചക തൊഴിലാളികളെ കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിക്കണം -തമ്പാൻ തോമസ്
text_fieldsകൊച്ചി: സ്കൂൾ പാചക തൊഴിലാളികളെ കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന് മുൻ എം.പി തമ്പാൻ തോമസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശമ്പളത്തിന് പകരം ഓണറേറിയം പറ്റുന്ന കൂലി അടിമകളാക്കി മാറ്റുന്ന ഗസറ്റ് വിജ്ഞാപനം പിൻവലിക്കണം.
2016ൽ ഇവരെ ഉമ്മൻ ചാണ്ടി സർക്കാർ ശമ്പളവും ഡി.എ അടക്കം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ തൊഴിലാളികളായി അംഗീകരിച്ചിരുന്നതാണ്. പാർട്ട് ടൈം കണ്ടിൻജൻസി ജീവനക്കാരാക്കണമെന്ന റിട്ട് ഹരജി ഹൈകോടതിയിൽ നിൽക്കുമ്പോഴാണ് പുതിയ നടപടി.
സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. തൊഴിലാളികളെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്ന് ക്ഷാമബത്തയും ശമ്പളവും അനുവദിച്ച ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിൽനിന്ന് ദീപംകൊളുത്തി സമര പരിപാടികൾക്ക് ആരംഭം കുറിച്ചു. മന്ത്രിമന്ദിരങ്ങളിലേക്ക് മാർച്ച്, ധർണ, നിൽപ് സമരം, ജയിൽ നിറക്കൽ, പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തസമ്മേളനത്തിൽ എച്ച്.എം.എസ് നേതാവ് ടോമി മാത്യു, സ്കൂൾ പാചക തൊഴിലാളി സംഘടന നേതാക്കളായ ജി. ഷാനവാസ്, എസ്. ശകുന്തള എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.