സ്കൂൾ ഉച്ചഭക്ഷണം: ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപവത്കരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണസാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ മൂന്ന് വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഭക്ഷ്യവിഷബാധയുണ്ടായ സ്കൂളുകളിൽനിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഭക്ഷ്യസുരക്ഷവകുപ്പ് ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം ഫലം അറിയാം. വിഷയത്തിൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒരാഴ്ചക്കകം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും വെള്ളം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആറ് മാസത്തിലൊരിക്കൽ വെള്ളം പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ നൽകിയിരുന്നു.
ജില്ലകളിലെ നൂൺഫീഡിങ് സൂപ്പർവൈസർമാരും ഉപജില്ല തലങ്ങളിലെ നൂൺമീൽ ഓഫിസർമാരും സ്കൂളുകളിലെത്തി തിങ്കളാഴ്ച മുതൽ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ശുചിമുറികൾ, ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിച്ച് റിപ്പോർട്ട് നൽകും. പാചകത്തൊഴിലാളികൾക്ക് പരിശീലനം നൽകും. വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ ഡ്രൈഡേ ആചരിക്കും. സംസ്ഥാനത്തെ 12302 സ്കൂളുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.