സ്കൂളിലെ ഉച്ചഭക്ഷണം; 7149 സ്‌കൂളുകളിൽ പരിശോധന പൂർത്തിയായി
text_fieldsതിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടർന്ന് ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 എണ്ണത്തിൽ പരിശോധന പൂർത്തിയായി. പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് ഉടൻ പരിഹരിക്കാൻ നിർദേശം നൽകി.
മൂന്നു ദിവസം മുമ്പാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും പങ്കെടുത്ത യോഗത്തിൽ സ്കൂളുകളിൽ പരിശോധന നടത്താൻ തീരുമാനമെടുത്തത്. മന്ത്രിമാർ സ്കൂളുകളിലെത്തി കുട്ടികളോടൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണൽ കോഓഡിനേറ്റർമാർ, സൂപ്രണ്ടുമാർ, ക്ലർക്കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, ജില്ല- ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ, നൂൺ ഫീഡിങ് സൂപ്പർ വൈസർമാർ, നൂൺ മീൽ ഓഫിസർമാർ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്കൂളുകൾ സന്ദർശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.
പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പുവരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്, എപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. പരിശോധന തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.