സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിഹിതം; കേരളത്തിന്‍റെ ആരോപണം തെറ്റെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതം വൈകിപ്പിച്ചെന്ന സംസ്ഥാനത്തിന്‍റെ ആരോപണം തെറ്റെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ സമർപ്പിക്കാൻ കേരളം വീഴ്ചവരുത്തി. അതിനാലാണ് ജൂലൈയിലെ കേന്ദ്ര വിഹിതം നൽകാനാകാതെ വന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് യഥാസമയം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി പ്രധാനാധ്യാപകർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേന്ദ്ര വിഹിതം വൈകുന്നതാണ് ഫണ്ട് വിതരണത്തിന് തടസ്സമെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം. വിഹിതം ലഭിക്കാൻ ആവശ്യമായ ചെക്ക് ലിസ്റ്റ് സംസ്ഥാന സർക്കാർ നൽകിയത് ജൂലൈ 13നാണെന്ന് ഡി.എസ്.ജി പറഞ്ഞു. മുൻ വർഷത്തെ അധിക കേന്ദ്ര വിഹിതവും സംസ്ഥാനത്തിന്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം മാറ്റിയിരുന്നില്ല. ഇതടക്കമുള്ള അപാകതകൾ ആഗസ്റ്റ് എട്ടിന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം ഫണ്ട് നിക്ഷേപിച്ചത് സെപ്റ്റംബർ 13നാണ്. സെപ്റ്റംബർ 15നാണ് കേന്ദ്രത്തിന് വിശദീകരണം നൽകിയത്. ഇതു ലഭിച്ചയുടൻ കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു നൽകാൻ നടപടിയെടുക്കുകയും സെപ്റ്റംബർ 22ന് തുക നൽകുകയും ചെയ്തെന്ന് കേന്ദ്രം വ്യക്തമാക്കി. ഹരജികൾ വീണ്ടും നവംബർ ആറിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.