സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: കേന്ദ്രവിഹിതം ലഭിക്കുംമുമ്പ് സംസ്ഥാന വിഹിതം 81.57 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള കേന്ദ്രവിഹിതം അനുവദിക്കും മുമ്പ് സംസ്ഥാന വിഹിതമായി 81.57 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതം വൈകുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാനാണ് തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗ്ൾ നോഡൽ അക്കൗണ്ടിലേക്ക് (എസ്.എൻ.എ) മാറ്റി ഉത്തരവിറക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതുവഴി പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് നൽകാനുള്ള കുടിശ്ശികയിൽ ജൂൺ - ജൂലൈ മാസത്തെ മുഴുവൻ തുകയും ആഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകാനാകും. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറക്ക് ബാക്കി തുക വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നടത്തിപ്പിനായി ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടിരൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ163.15 അടക്കം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ 447.46 കോടിയാണ്.
ഇതിൽ ആദ്യ ഗഡുവായി ലഭിക്കേണ്ടത് 170.59 രൂപയാണ്. ഈ തുക അനുവദിച്ചിട്ടില്ല. നേരത്തേ ചെലവഴിച്ച 2021-22 വർഷത്തെ 209.68 കോടി രൂപയും കേന്ദ്രനിർദേശ പ്രകാരം എസ്.എൻ.എ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേന്ദ്രവിഹിതം ലഭിക്കാതിരുന്നതിനെ തുടർന്ന് തുക മുൻകൂറായി സംസ്ഥാനം ചെലവഴിക്കുകയും 2023 മാർച്ച് 30ന് കേന്ദ്രം തുക അനുവദിക്കുകയും ചെയ്തിരുന്നു.
കേന്ദ്രവിഹിതം ലഭിച്ചപ്പോൾ മുൻകൂറായി ചെലവഴിച്ച തുക ധനവകുപ്പിന് തിരികെ നൽകി. എന്നാൽ, കേന്ദ്രം അനുവദിച്ച തുക എസ്.എൻ.എ അക്കൗണ്ടിലേക്ക് മാറ്റിയില്ലെന്ന് കാണിച്ചാണ് ഇപ്പോൾ കേന്ദ്രവിഹിതം തടഞ്ഞുവെച്ചതെന്നും ഈ തുക ലഭിക്കാനാണ് പണം മാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു.
‘തുകയുടെ പകുതി വിതരണത്തിന് കൈമാറി’
കൊച്ചി: സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ കുടിശ്ശിക തുകയുടെ പകുതി ഉടൻ വിതരണത്തിന് നൽകിയതായി സർക്കാർ ഹൈകോടതിയിൽ. 14 ദിവസത്തിനകം തുക പൂർണമായി നൽകും. പദ്ധതി നടപ്പാക്കിയ വകയിൽ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് നൽകാനുള്ള തുകക്കുവേണ്ടി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.
163.15 കോടിയാണ് സർക്കാർ വിഹിതമായി നൽകാനുള്ളത്. പകുതി തുകയായ 81.57 കോടി ഉടൻ വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി വ്യാഴാഴ്ച ഹരജി പരിഗണിക്കവെ സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.