സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: കുടിശ്ശിക രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിശ്ശിക തുക പൂർണമായും രണ്ടാഴ്ചക്കകം വിതരണം ചെയ്യണമെന്ന് ഹൈകോടതി. ആഗസ്റ്റ് വരെ നൽകാനുള്ള മുഴുവൻ തുകയും വിതരണം ചെയ്യണമെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍റെ നിർദേശം. അല്ലാത്തപക്ഷം ഹരജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 14ന് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പദ്ധതി നടപ്പാക്കാൻ പ്രധാനാധ്യാപകർ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) അടക്കം നൽകിയ ഹരജികളിലാണ് നിർദേശം. ജൂലൈയിലെ 60 ശതമാനവും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ തുകയും പ്രഥമാധ്യാപകർക്ക് കിട്ടാനുണ്ടെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
ആഗസ്റ്റ് 30ന് കേന്ദ്രവിഹിതം കിട്ടിയിട്ടും അത് വിതരണം ചെയ്യാതെ സംസ്ഥാന സർക്കാർ ഉച്ചഭക്ഷണ വിതരണം പ്രധാനാധ്യാപകരുടെ തലയിൽ കെട്ടിവെക്കാൻ നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ല. തുക അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവെക്കാൻ ഉത്തരവ് നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുക വിതരണം ചെയ്യുന്നതിന്‍റെ നടപടിക്രമങ്ങൾ മൂലമാണ് വിതരണത്തിന് താമസമെന്ന് സർക്കാർ അറിയിച്ചു. ഒരു മാസത്തിനകം തുക നൽകാനാവുമെന്നും വ്യക്തമാക്കി. തുടർന്നാണ് രണ്ടാഴ്ചക്കകം വിതരണം ചെയ്യാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.