സ്കൂൾ രാവിലെ എട്ടിന് തുടങ്ങണമെന്ന് ഖാദർ കമ്മിറ്റി ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് വീണ്ടും ശിപാർശ. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച ശിപാർശ ഉൾപ്പെടുത്തിയത്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കുന്ന രീതിയിലാണ് ശിപാർശ.
സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ സമൂഹ ചർച്ചക്കായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കുറിപ്പിലും സ്കൂൾ സമയമാറ്റം സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചിരുന്നു. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉൾപ്പെടെ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ സമർപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലും സമാന ശിപാർശ ഉൾപ്പെടുത്തി. സാമൂഹിക ചർച്ചകളിലൂടെയുണ്ടാകുന്ന സമവായത്തിന്‍റെ അടിസ്ഥാനത്തിലാകണം സമയമാറ്റം നടപ്പാക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒരു ഡയറക്ടർക്ക് (ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ -ഡി.ജി.ഇ) കീഴിലാക്കിയത്. ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പലിനെ സ്കൂൾ മേധാവിയാക്കുകയും ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കുകയും ചെയ്തിരുന്നു. ഒന്നാം റിപ്പോർട്ടിലെ ശിപാർശ പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനയിലുണ്ടാകേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പരിശോധിക്കാനും കരട് ചട്ടങ്ങൾ തയാറാക്കാനും പ്രത്യേക സെൽ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഉയർന്ന തസ്തികയിൽ നിയമനത്തിന് കഴിവ് പരിഗണിക്കണം
വിദ്യാഭ്യാസ വകുപ്പിൽ ഉയർന്ന തസ്തികയിലേക്കുള്ള നിയമനത്തിൽ കഴിവുകൾ കൂടി പരിഗണിക്കപ്പെടണമെന്ന് ഖാദർ കമ്മിറ്റി. എ.ഇ.ഒ, ഡി.ഇ.ഒ ഉൾപ്പെടെയുള്ള ഓഫിസർ തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് കഴിവ് കൂടി വിലയിരുത്തണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തത്. സുതാര്യമായ സംവിധാനം ഇതിനായി രൂപപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്കൂൾ അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന (റഫറണ്ടം) നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. സംഘടനകൾ നിശ്ചിത ശതമാനം അധ്യാപകരെ പ്രതിനിധീകരിക്കുന്നതായിരിക്കണം. സ്കൂൾ അധ്യാപകരെ ഒറ്റ വിഭാഗമായി പരിഗണിച്ചുള്ള ഹിതപരിശോധനയാണ് കമ്മിറ്റി ശിപാർശ ചെയ്തത്. വിദ്യാർഥികളുടെ മൂല്യനിർണയമെന്ന സങ്കൽപത്തിൽനിന്ന് വിലയിരുത്തലെന്ന സമീപനത്തിലേക്ക് മാറണം.
നിലവിലെ മൂല്യനിർണയം യാന്ത്രിക പരീക്ഷകളാണ്. പരീക്ഷപ്പേടിയിൽനിന്ന് കുട്ടികളെ മോചിപ്പിച്ച് മാത്രമേ വിദ്യാഭ്യാസ പരിവർത്തനം സാധ്യമാകൂ. ഉള്ളടക്കം കുത്തിനിറക്കുന്ന രീതിക്കു പകരം പ്രക്രിയ/ അനുഭവ കേന്ദ്രീകൃത രീതിയിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കണം. നീതിയിലധിഷ്ഠിതമായ ഗുണമേന്മ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കണം.
പ്രായത്തിനനുഗുണമായ വിദ്യാഭ്യാസത്തോടൊപ്പം കഴിവിനനുഗുണമായ വിദ്യാഭ്യാസവും ഉറപ്പാക്കണം. എല്ലാ കുട്ടികളും പഠിക്കുകയും വളരുകയും ചെയ്യുമെന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അവസര തുല്യത ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചെയർമാൻ ഡോ. എം.എ. ഖാദറിനു പുറമെ, നിയമവകുപ്പിൽനിന്ന് സ്‌പെഷൽ സെക്രട്ടറിയായി വിരമിച്ച ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവരുമടങ്ങിയതാണ് സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.