സ്കൂളുകൾ തുറക്കുന്നു; യാത്രാസൗകര്യം കൂട്ടാതെ കെ.എസ്.ആർ.ടി.സി, പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുെട ഓഫിസ്
text_fieldsകോട്ടയം: നവംബർ ഒന്നാം തീയതി സ്കൂളുകൾ തുറക്കുന്നതോടെ അധ്യാപകരും കുട്ടികളും യാത്രക്ക് ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. കെ.എസ്.ആർ.ടി.സി ആവശ്യത്തിന് ബസുകൾ ഓടിക്കാത്തതും സ്കൂൾ ബസുകളിൽ കുട്ടികൾ കയറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും യാത്രാക്ലേശം രൂക്ഷമാക്കും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതോടെ സ്ഥിതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
സംസ്ഥാനത്ത് 4693 സർക്കാർ സ്കൂളും 7216 എയ്ഡഡ് സ്കൂളും 1042 അൺ എയ്ഡഡ് സ്കൂളും 1529 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുമുണ്ടെന്ന് ആസൂത്രണ ബോർഡിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും സ്ഥാപനങ്ങളിലായി 40,88,652 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 3,81,755 കുട്ടികൾ പ്ലസ് ടുവിനാണ്. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നൽകുന്നതിനാൽ വീട്ടിൽനിന്ന് ഏറെ യാത്ര ചെയ്യേണ്ടിവരുന്നത് പ്ലസ് ടു കുട്ടികൾക്കാണ്. 15 മുതൽ 25 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടിവരുന്ന ഇവരുടെ ആശ്രയം പൊതുബസുകളാണ്. ആകെ വിദ്യാർഥികളിൽ ഏതാണ്ട് 10 ശതമാനം മാത്രമാണ് സ്കൂൾ ബസുകളെ ആശ്രയിക്കുന്നത്.
കോവിഡിനുമുമ്പ് പ്രതിദിനം ശരാശരി 4800 ബസുകൾ ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ഇപ്പോൾ 3300 എണ്ണം മാത്രമാണ് ഓടിക്കുന്നത്. 3724 ഓർഡിനറി ബസ് ഉള്ളതിൽ 2200 എണ്ണമേ നിരത്തിലുള്ളൂ. ആകെയുള്ള 6185 ബസിൽ 2385 എണ്ണം സ്പെയർപാർട്ടുകൾ ഊരിയെടുത്ത് ഉപയോഗിക്കാനാവാത്ത സ്ഥിതിയിൽ ഇട്ടിരിക്കുകയാണ്.
സർക്കാർ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഒന്നും െചയ്യുന്നില്ലെന്ന ആക്ഷേപം നേരേത്തതന്നെ ഉയർന്നിരുന്നു. 2020 മാർച്ച് മുതൽ ഡിസംബർ വരെ കാലത്ത് ശമ്പളം, പെൻഷൻ എന്നിവക്ക് അടക്കം 1406.80 കോടി രൂപയാണ് സർക്കാർ നൽകിയതെന്ന് സി.എം.ഡി ബിജുപ്രഭാകർ അംഗീകൃത തൊഴിലാളി യൂനിയനുകൾക്ക് അയച്ച കത്തിൽ പറയുന്നു. എന്നിട്ടും സ്വകാര്യബസുകളോട് മത്സരിച്ച് സർവിസ് നടത്തുന്ന റൂട്ടുകളിൽപോലും വിദ്യാർഥികൾക്ക് യാത്രാസൗജന്യം നൽകാൻ കെ.എസ്.ആർ.ടി.സി തയാറാകുന്നില്ല.
കുട്ടികളുടെ യാത്രച്ചുമതല സ്വകാര്യബസുകളിൽ മാത്രമായാൽ നഷ്ടത്തെത്തുടർന്ന് സർവിസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. ഇത് സ്ഥിതി രൂക്ഷമാക്കും. ഇൗ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ഓർഡിനറി ബസുകളും ഓടിക്കണമെന്നും അവയിൽ സ്വകാര്യബസുകൾക്ക് തുല്യമായ രീതിയിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ നിരക്ക് നൽകി യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.