സ്കൂള്‍ തുറക്കല്‍ : സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്കൂള്‍ മാനേജ്മെന്‍റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണം.
പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായവും തേടേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.
എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.