സ്കൂൾ കായികമേള; ഷൂട്ടിങ്, ചെസ് മത്സരങ്ങൾ നടത്തിയത് രഹസ്യമായി
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കായികമേളക്ക് തിങ്കളാഴ്ച കൊച്ചിയിൽ കൊടിയേറാനിരിക്കെ സംഘാടകർ പോലുമറിയാതെ ചില മത്സരയിനങ്ങൾ പൂർത്തിയാക്കി. ദേശീയ മത്സരങ്ങളിൽ കേരളത്തിൽനിന്നുള്ള താരങ്ങൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണ് മേള ഔദ്യോഗികമായി തുടങ്ങുംമുമ്പേ ഇവ പൂർത്തിയാക്കിയത്. എന്നാൽ, പങ്കെടുക്കുന്നവരും ചില അധികൃതരും മാത്രം അറിഞ്ഞുകൊണ്ട് മത്സരങ്ങൾ രഹസ്യസ്വഭാവത്തിൽ സംഘടിപ്പിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നു. നേരത്തേതന്നെ തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഔദ്യോഗികമായി പൂർത്തിയാക്കിയ നിരവധി ഇനങ്ങൾ കൂടാതെയാണ് ചെസ്, ഷൂട്ടിങ് തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടത്തിയത്.
നവംബർ 10നും 11നും നടക്കേണ്ടിയിരുന്ന ചെസ് അണ്ടർ 14, 17, 19 (ആൺ., പെൺ.) മത്സരങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊച്ചി കുസാറ്റിൽ പൂർത്തിയാക്കിയത് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികൾ പോലുമറിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. മത്സരം പൂർത്തിയായ ശേഷമാണ് പല മാധ്യമപ്രവർത്തകരും വിവരമറിഞ്ഞത്. നവംബർ അഞ്ചിനും ആറിനും കോതമംഗലം എം.എ കോളജിൽ നടക്കേണ്ടിയിരുന്ന ഷൂട്ടിങ് മത്സരങ്ങൾ ദിവസങ്ങൾക്കുമുമ്പ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയതും ആരുമറിഞ്ഞില്ല. ദേശീയതലത്തിൽ ഓരോ ഇനങ്ങളും വ്യത്യസ്ത കാറ്റഗറിയിലായി വെവ്വേറെയാണ് നടത്തുന്നതെന്നും ഇതനുസരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായാണ് നേരത്തേ നടത്തിയതെന്നുമാണ് സംഘാടകർ വ്യക്തമാക്കുന്നത്.
സ്കേറ്റിങ്, ബാസ്കറ്റ്ബാൾ, ഖോ ഖോ, സെപക്താക്രോ, ബാഡ്മിൻറൺ, റെസ് ലിങ്, തൈക്വാൻഡോ, ആർച്ചറി തുടങ്ങിയ ഇനങ്ങളിലെ ഒരുവിഭാഗം മത്സരങ്ങളാണ് നേരത്തേ പൂർത്തിയായത്. ഇവയെല്ലാം കൃത്യമായ പ്രചാരണത്തോടെയാണ് നടത്തിയതെങ്കിലും മേളക്ക് ദിവസങ്ങൾമാത്രം ശേഷിക്കെയാണ് ചിലയിനങ്ങൾ ‘ഒളിച്ചു’നടത്തിയത്. എന്നാൽ, നേരത്തേ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കെല്ലാം നവംബർ 11ന് സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.