ഇത് കാവ്യനീതിയുടെ പ്രവേശനോത്സവം
text_fieldsകാട്ടാക്കട(തിരുവനന്തപുരം): ഒരുനൂറ്റാണ്ട് മുമ്പ് പഞ്ചമി എന്ന അവർണബാലിക അക്ഷരവെളിച്ചംതേടി സ്കൂളിലെത്തിയപ്പോൾ എതിരേറ്റത് വടിവാളുകളും തീപ്പന്തങ്ങളുമായിരുന്നു. അതേസ്ഥലത്ത് പഞ്ചമിയുടെ പിൻതലമുറക്കാരി ആതിരയെ വ്യാഴാഴ്ച വാദ്യഘോഷവും പൂത്താലവുമായി മുഖ്യമന്ത്രിയും പരിവാരങ്ങളും എതിരേൽക്കുന്നത് ചരിത്രത്തിെൻറ കാവ്യനീതിയാകും.
വ്യാഴാഴ്ച സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുന്ന ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിലാണ് 1914ൽ അടിയാള പെൺകൊടിയായ പഞ്ചമിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഈ സ്കൂളിലാണ് പഞ്ചമിയുടെ പിൻതലമുറക്കാരി ഈരൂട്ടമ്പലം ആലംപൊറ്റപുത്തൻ വീട്ടിൽ ദീപ്തിയുടെ മകൾ ആതിര ശ്രീജിത്ത് ഇന്ന് ആദ്യക്ഷരം കുറിക്കാനെത്തുന്നത്. ദീപ്തിയുടെ പിതാവ് ജോൺസെൻറ മുത്തശ്ശിയാണ് പഞ്ചമി.
1882ൽ വെള്ളൂർകോണത്ത് പരമേശ്വരപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കുടിപള്ളിക്കൂടമാണ് ഇന്നത്തെ ഉൗരൂട്ടമ്പലം യു.പി സ്കൂൾ. 1910ലാണ് സർക്കാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ സമരമെന്ന് രേഖപ്പെടുത്തിയ കണ്ടല ലഹളയുടെ ഭാഗമായി നടന്ന സ്കൂൾ പ്രവേശനത്തോടുബന്ധിച്ചാണ് സ്കൂൾ ചരിത്രത്തിലിടം തേടുന്നത്.
അവർണ വിഭാഗത്തിെൻറ വിദ്യാഭ്യാസ അവകാശത്തിന് ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കപ്പെടാതായതോടെയാണ് അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമായത്. സമരം ചർച്ചചെയ്ത് പരിഹരിക്കാൻ സർക്കാർ നിയോഗിച്ച മജിസ്േട്രറ്റ് നാഗപ്പൻപിള്ളയുടെ നാടായ കണ്ടലയിൽ നിന്നുതന്നെ സമരം ആരംഭിക്കാൻ തീരുമാനിച്ചു. കണ്ടല പകുതിയിലെ സർക്കാർ സ്കൂളായ ഉൗരൂട്ടമ്പലം സ്കൂളിൽ അവർണർക്ക് പ്രവേശനം നൽകിയിരുന്നില്ല.
പിന്നാക്കജാതിക്കാരനായ പൂജാരി അയ്യെൻറ മകൾ പഞ്ചമിയേയും കൂട്ടി അയ്യങ്കാളിയും കൂട്ടരും സ്കൂളിലെത്തി. വിവരമറിഞ്ഞ് സവർണജന്മി കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ വൻസംഘം സ്കൂൾ പരിസരത്ത് തടിച്ചുകൂടി. ഇതോടെ സ്കൂൾ അധികൃതർ പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചു. അയ്യങ്കാളി പഞ്ചമിയെ ബലമായി ക്ലാസിൽ കയറ്റി ഇരുത്തി. തുടർന്ന് സവർണരായ വിദ്യാർഥികളും അധ്യാപകരും കൂട്ടമണിയടിച്ച് സ്കൂളിൽനിന്ന് ഇറങ്ങി ഓടി.
പുറത്തുനിന്ന സവർണർ സ്കൂളിലേക്ക് ഇടിച്ചുകയറി. പിന്നെ യുദ്ധസമാനരംഗങ്ങളായിരുന്നു. സ്കൂളും പുറംജാതിക്കാരുടെ നിരവധി കുടിലുകളും തീയിട്ട് നശിപ്പിച്ചു. പഞ്ചമി ഇരുന്ന ബെഞ്ചാണ് സ്കൂളിൽ ബാക്കിയായത്. കത്തിയ ബെഞ്ചിെൻറ ഭാഗം ചരിത്രസ്മാരകമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. പുത്തനുടുപ്പും ബാഗുമായി ഹരിശ്രീ കുറിക്കാനൊരുങ്ങുന്ന ആതിര മുതുമുത്തശ്ശിയുടെ അനുഗ്രഹംതേടി മാതാവ് ദീപ്തിക്കൊപ്പം ബുധനാഴ്ച വെള്ളൂർകോണത്തെത്തി. പഞ്ചമിയുടെ വെള്ളൂർകോണത്തെ വീടും പഞ്ചമിയെ അടക്കംചെയ്ത സ്ഥലവുമെല്ലാം ദീപ്തി ആതിരക്ക് കാണിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.