വിദ്യാർഥികൾ വർധിച്ചത് തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് തുണയാകും
text_fieldsതിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചത് തസ്തിക നഷ്ടപ്പെട്ട് പുനർവിന്യസിക്കപ്പെട്ട 3500ൽ അധികം അധ്യാപകർക്ക് തുണയാകും. കുട്ടികളുടെ എണ്ണം കൂടിയത് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്കും പ്രതീക്ഷ പകരുന്നതാണ്. വർഷങ്ങളായി സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് തസ്തിക നഷ്ടം തുടർക്കഥയായ സാഹചര്യത്തിലാണ് ഇത്തവണ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നത്. ഇതുവഴി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയും തെളിഞ്ഞു. ഒേട്ടറെ അധ്യാപകർ അധ്യാപന ജോലിക്ക് പകരം എസ്.എസ്.എ, ആർ.എം.എസ്.എ പദ്ധതികളുടെ വിവിധ ഒാഫിസുകളിലേക്കാണ് പുനർവിന്യസിക്കപ്പെട്ടത്.
മാതൃവിദ്യാലയത്തിൽ തസ്തിക നഷ്ടെപ്പട്ട് മറ്റു സ്കൂളുകളിേലക്ക് പുനർവിന്യസിക്കപ്പെട്ടവർക്ക് മാതൃവിദ്യാലയത്തിലേക്ക് മടങ്ങുന്നതിനും കുട്ടികളുടെ എണ്ണക്കൂടുതൽ പരിധിവരെ സഹായിക്കും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 3523 അധ്യാപകരാണ് അധികമുള്ളതെന്ന് കണ്ട് പുനർവിന്യസിക്കപ്പെട്ടത്. ഇത്രയും അധ്യാപകർ അധികമുള്ള സാഹചര്യത്തിൽ പുതിയ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടി വരില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. തസ്തിക നിർണയ നടപടികൾ പൂർത്തിയാകുന്ന മുറക്ക് മാത്രമേ അധിക തസ്തികകളുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരൂ.
തസ്തിക നിർണയ നടപടികൾ ജൂലൈ 15നകം പൂർത്തിയാക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മുഴുവൻ വിദ്യാഭ്യാസ ഒാഫിസർമാർക്കും നിർദേശം നൽകിയത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അധ്യാപകർ പുനർവിന്യസിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിൽ നിന്നാണ് -438 പേർ. കൊല്ലത്ത് 426ഉം തൃശൂരിൽ 394 അധ്യാപകരെയും പുനർവിന്യസിച്ചിരുന്നു. കണ്ണൂരിൽ 385ഉം തിരുവനന്തപുരത്ത് 380ഉം പാലക്കാട് 319ഉം മലപ്പുത്ത് 317ഉം എറണാകുളത്ത് 300ഉം ആലപ്പുഴയിൽ 212ഉം അധ്യാപകരെ അധികമെന്ന് കണ്ട് പുനർവിന്യസിച്ചിട്ടുണ്ട്. മാതൃജില്ലക്ക് പുറത്തേക്ക് പുനർവിന്യസിക്കപ്പെട്ട ഒേട്ടറെ അധ്യാപകരുമുണ്ട്. തസ്തിക നിർണയ നടപടികൾ പൂർത്തിയായാൽ മാത്രമേ എത്ര അധ്യാപകർക്ക് സ്കൂളുകളിലേക്ക് തിരികെ എത്താനാകുമെന്നും പി.എസ്.സി റാങ്ക് പട്ടികയിൽനിന്നുള്ള നിയമന സാധ്യത സംബന്ധിച്ചും വ്യക്തത വരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.