കോഴിക്കോട് സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ; ആറു വർഷമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം
text_fieldsകോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്പളം നൽകാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അലീന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻറിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്.
ജോലിക്കായി ആറു വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നൽകിയതായി കുടുംബം പറയുന്നു. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല.
സ്കൂൾ മാറ്റ സമയത്ത് കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും പിതാവ് പറഞ്ഞു.
കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻറ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.