പൊതുവിദ്യാലയങ്ങളിൽ ജൂലൈ 15നുമുമ്പ് തസ്തിക നിർണയം പൂർത്തിയാക്കണം
text_fieldsചെറുവത്തൂർ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 2017-18 വർഷത്തെ തസ്തിക നിർണയം ജൂലൈ 15ന് മുമ്പ് പൂർത്തിയാക്കാൻ നിർദേശം. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വൻ ഒഴിവുകളാണ് ഈ ഉത്തരവുമൂലം ഉണ്ടാവുക. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും എയ്ഡഡ് മാനേജർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.
നിലവിൽ 2011-12 മുതൽ 2015-16 വരെയുള്ള അഞ്ച് വർഷങ്ങളിലെ തസ്തിക നിർണയം നടത്തിയിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ 2016-17ലെ തസ്തിക നിർണയം നടന്നില്ല. 2017-18ലെ തസ്തികകൾ നിർണയിക്കുമ്പോൾ മുൻവർഷത്തെ തസ്തികകളായി 2015-16ൽ അനുവദിച്ചത് തന്നെയാണ് കണക്കാക്കേണ്ടത്. 2017--18 വർഷത്തെ തസ്തിക നിർണയം മാത്രമേ ഈ വർഷം നടത്തുകയുള്ളൂ. ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ ആധാരമാക്കിയാണ് ഈ വർഷത്തെ തസ്തിക നിർണയം നടത്തുക.
ആറാം പ്രവൃത്തി ദിനത്തിൽ ഹാജരായ വിദ്യാർഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പറാണ് തസ്തിക നിർണയത്തിന് കണക്കിലെടുക്കുക. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ ആറാം പ്രവൃത്തിദിനം ഈദുൽഫിത്വർ കഴിഞ്ഞ് സ്കൂൾ തുറന്നതിനുശേഷമുള്ള ആറാം പ്രവൃത്തിദിനമാണ്. എൽ.പിയിൽ 150ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പ്രധാനാധ്യാപകനെ ക്ലാസ് ചുമതലയിൽനിന്നും ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.