സ്കൂൾ അടച്ചിട്ടും പൂർത്തിയാക്കാതെ അധ്യാപക തസ്തിക നിർണയം
text_fieldsതിരുവനന്തപുരം: അധ്യയനവും പരീക്ഷയും പൂർത്തിയാക്കി മധ്യവേനലവധിക്ക് അടച്ചിട്ടും സ്കൂളുകളിലെ തസ്തിക നിർണയം പൂർത്തിയാക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ്.
ജൂണിൽ സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിൽ ശേഖരിക്കുന്ന കുട്ടികളുടെ കണക്കിനെ അടിസ്ഥാനപ്പെടുത്തി ജൂലൈ 15നകം തീർക്കേണ്ട നടപടിയാണ് ഏപ്രിൽ അവസാനിക്കാറായിട്ടും പൂർത്തിയാക്കാതെ നിർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അധ്യയന വർഷത്തിന്റെ അവസാനം തസ്തിക നിർണയം പൂർത്തിയാക്കിയിരുന്നു. ഇത്തവണ അതിനും സാധിച്ചില്ല. തസ്തിക നിർണയത്തിലെ സുപ്രധാന നടപടികൾ വിദ്യാഭ്യാസ ഓഫിസർ തലങ്ങളിൽനിന്ന് എടുത്തുമാറ്റി സർക്കാറിലേക്ക് കൊണ്ടുവന്നതോടെയാണ് നടപടി അനിശ്ചിതമായി വൈകാൻ തുടങ്ങിയത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ തസ്തിക നിർണയ നടപടികൾക്ക് ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിനും തടസ്സമായി.
തസ്തിക നിർണയ നടപടി വൈകുന്നത് കുട്ടികൾ വർധിച്ച സ്കൂളുകളിൽ നിയമപ്രകാരമുള്ള പുതിയ തസ്തിക സൃഷ്ടിക്കൽ നടപടികൾക്കും തടസ്സമായി. സർക്കാർ സ്കൂളുകളിലെ തസ്തിക നിർണയ നടപടി വൈകുന്നത് പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിലവിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപക ബാങ്കിൽനിന്ന് പുനർവിന്യസിക്കുകയായിരുന്നു. ഇതുവഴി സർക്കാറിന് പുതിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനുമായി. എന്നാൽ, സർക്കാർ സ്കൂളുകളിലുണ്ടാകുന്ന ഒഴിവുകളിൽ പുനർവിന്യാസത്തിനു ശേഷവും ബാക്കി വരുന്നവയിലേക്ക് പി.എസ്.സി വഴി നിയമനം നടത്തണം. തസ്തിക നിർണയം വൈകുന്നത് ഇതുവഴി നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളുടെ അവസരം കൂടിയാണ് ഇല്ലാതാക്കുന്നത്. നിയമന നടപടികളിൽ വിദ്യാഭ്യാസ വകുപ്പ് മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതിനാൽ ആയിരക്കണക്കിന് താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് സ്കൂളുകളിൽ അധ്യയനം നടത്തുന്നത്.
കഴിഞ്ഞ വർഷം 6005 അധിക തസ്തികയാണ് കണ്ടെത്തിയിരുന്നത്. ഇതിൽ 3080 എണ്ണം സർക്കാർ സ്കൂളുകളിലും 2925 എയ്ഡഡിലുമായിരുന്നു. എന്നാൽ, അതേ വർഷംതന്നെ സർക്കാർ സ്കൂളുകളിൽ 1638ഉം എയ്ഡഡിൽ 2996 ഉം തസ്തിക കുറഞ്ഞതായി കണ്ടെത്തി. ഫലത്തിൽ സർക്കാർ സ്കൂളുകളിൽ മാത്രമേ അധിക തസ്തികയുണ്ടായിരുന്നുള്ളൂ. ഇത്തവണയും ആറായിരത്തിലധികം അധിക തസ്തികയുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.