സർക്കാർ നടപടിക്ക് സ്റ്റേ; പാലാട്ട് സ്കൂളിലെ കുട്ടികളെ വീണ്ടും ഒഴിപ്പിച്ചു
text_fieldsകോഴിക്കോട്: തിരുവണ്ണൂർ പാലാട്ട് എ.യു.പി.സ്കൂൾ ഏറ്റെടുത്ത സർക്കാർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ഇതോടെ, മാസങ്ങൾക്കുശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ കുട്ടികളെ വീണ്ടും സമീപത്തെ തിരുവണ്ണൂർ യു.ആർ.സി, ഗവ. യു.പി. സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി. ഇൗമാസം 20വരെ സ്കൂളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കുട്ടികളെ ഒഴിപ്പിക്കാൻ ഡി.ഡി.ഇയോട് ആവശ്യപ്പെടുകയായിരുന്നു.
കുട്ടികളെ മാറ്റുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും പാലാട്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധം തീർത്തു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവർ, മാനേജരുടെ റിയൽ എസ്റ്റേറ്റ് താൽപര്യമാണ് നടക്കുന്നതെന്ന് ആരോപിച്ചു. പി.ടി.എ പ്രസിഡൻറ് പി.എം. ബഷീർ, റസി. അസോസിയേഷൻ പ്രസിഡൻറ് ഇ. ശശിധരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
തുടർന്ന്, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലിെൻറ നേതൃത്വത്തിൽ കുട്ടികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജൂൺ എട്ടിന് അടച്ചുപൂട്ടിയ സ്കൂളിലെ കുട്ടികൾ ഒമ്പതുമാസത്തോളമായി സമീപത്തെ സ്കൂളുകളിലായിരുന്നു. ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി മാർച്ച് രണ്ടിനാണ് കുട്ടികളെ തിരികെ കൊണ്ടുവന്നത്. സ്കൂൾ കെട്ടിടവും 48 സെൻറ് ഭൂമിയും 56.5 ലക്ഷം രൂപക്കാണ് ഏറ്റെടുത്തത്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി 16 കുട്ടികളാണ് സ്കൂളിലുള്ളത്. മാതൃവിദ്യാലയത്തിൽ തിരികെയെത്തിയതിെൻറ ആഹ്ലാദപരിപാടികൾ അടുത്തു നടക്കാനിരിക്കെയാണ് വീണ്ടും താൽക്കാലിക ക്ലാസുമുറികളിലേക്ക് മാറേണ്ടി വന്നത്. വില കണക്കാക്കിയത് അംഗീകരിക്കില്ലെന്നും കേസ് നിലനിൽക്കുന്ന വേളയിൽ കുട്ടികളെ മാറ്റിയത് ശരിയായിരുന്നില്ലെന്നും മാനേജർ മുഹമ്മദ് അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.