സ്കൂളുകൾക്കും പറയാനുണ്ട് ദുരിതകഥകൾ
text_fieldsകൊച്ചി: പഠനം വീട്ടിലിരുന്നായിട്ടും കാര്യമായ ഫീസിളവൊന്നുമില്ലെന്ന് രക്ഷിതാക്കളും വിദ്യാർഥികളിൽനിന്ന് തങ്ങളുടെ ശമ്പളത്തിെൻറ പേരിൽ ഫീസ് വാങ്ങിയിട്ടും പകുതിയാണ് നൽകുന്നതെന്ന് അധ്യാപകരും പരാതിപ്പെടുമ്പോൾ ഇതൊന്നുമല്ലാത്ത മറ്റൊരു വശം സ്വകാര്യസ്കൂൾ മാനേജ്മെൻറുകൾക്കും പറയാനുണ്ട്. സർക്കാറിെൻറ സഹായവും സാമ്പത്തിക പിന്തുണയുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ആകെയുള്ള വരുമാനം വിദ്യാർഥികളിൽനിന്ന് ഇൗടാക്കുന്ന ഫീസാണ്. അതുതന്നെ കോവിഡ് പശ്ചാത്തലത്തിൽ പരമാവധി ഇളവനുവദിച്ചിട്ടുമുണ്ട്. 30 ശതമാനം വരെ ഫീസിളവ് അനുവദിച്ച സ്കൂളുകൾ ജില്ലയിലുണ്ടെന്ന് മാനേജ്മെൻറുകളുടെ പ്രതിനിധികൾ പറയുന്നു.
സംസ്ഥാനത്ത് 80ശതമാനത്തോളം സ്കൂളുകൾ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം ന്യായമായ ഫീസുമാത്രമാണ് ഈടാക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഓരോ രക്ഷിതാവും മക്കളെ ഉയർന്ന നിലവാരത്തിലുള്ള സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നത് എന്നതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള ഭൗതികസാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതും അധികൃതരുടെ ഉത്തരവാദിത്തമാണ്. ഇക്കാരണത്താലാണ് സ്കൂളുകളുെട നിലവാരത്തിനനുസരിച്ച് ഫീസ് ഘടനയിലും വ്യത്യാസമുണ്ടാവുന്നത്.
ലോക്ഡൗൺ പശ്ചാത്തലത്തിൽ ഓരോ സ്കൂളുകളുടെയും സാമ്പത്തികശേഷിയനുസരിച്ച് ഫീസിളവു സംബന്ധിച്ച് തീരുമാനമെടുക്കാെമന്ന നയമാണ് തങ്ങൾ സ്വീകരിച്ചതെന്ന് സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ വ്യക്തമാക്കി. ഗതാഗതം, സ്പോർട്സ്, ലൈബ്രറി തുടങ്ങി നൽകാത്ത സേവനങ്ങൾക്ക് ഫീസീടാക്കുന്നില്ല. സുപ്രീംകോടതിയുടെ നിർദേശമുൾെപ്പടെ പാലിക്കുന്നുമുണ്ട്.
പലപ്പോഴും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിെൻറയും ധാരണയിൽ വരാത്ത പലതരം ചെലവുകൾ സ്കൂളുകളിലുണ്ട്.
അധ്യാപകരുടെ ശമ്പളം മാത്രമല്ല, സർക്കാർ ഈടാക്കുന്ന കെട്ടിട നികുതി, വസ്തു നികുതി ഉൾെപ്പടെയുള്ളവ നൽകാനും വൈദ്യുതിബിൽ, മെയിൻറനൻസ് ചെലവ് തുടങ്ങിയവ കണ്ടെത്താനുമെല്ലാം കുട്ടികൾ നൽകുന്ന ഫീസാണ് ആശ്രയം. എന്നാൽ, ഇതൊന്നും ചിന്തിക്കാതെ രക്ഷിതാക്കളെയും വിദ്യാർഥികളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ചില ഭാഗങ്ങളിൽനിന്ന് ഉയരുന്നുണ്ടെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.ഫീസ് പിരിവ് കൃത്യമല്ലാത്തതുകൊണ്ടുതന്നെ പല സ്കൂളുകളിലും അധ്യാപകർക്ക് ശമ്പളം നൽകാൻ വായ്പയെടുക്കുന്ന സ്ഥിതിയുമുണ്ട്. അധ്യാപകർ വിട്ടുവീഴ്ചക്ക് തയാറാവുന്നുണ്ട്. ശമ്പളത്തിൽ കുറവുവരുത്തുന്നതും ബോധപൂർവമല്ല, നിലവിലെ സ്ഥിതി മാറുമ്പോൾ പഴയതുപോലെ ശമ്പളം നൽകുമെന്നും സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മനഃപൂർവം ഒരധ്യാപകനെപോലും പിരിച്ചുവിടുന്നില്ലെന്നും ലോക്ഡൗൺ അധ്യയനകാലത്ത് ഒന്നും ചെയ്യാനില്ലാത്ത കായികാധ്യാപകരിൽ ചിലരെ മാത്രമാണ് അപൂർവം സ്കൂളുകൾ പിരിച്ചുവിട്ടതെന്നും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. സ്വകാര്യസ്കൂൾ േമഖലയുമായി ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ചും കൂടുതൽ പഠനം നടത്തിയും മാത്രമേ ഈ രംഗത്തെ വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാവൂവെന്ന് ടി.പി.എം. ഇബ്രാഹീം ഖാൻ സർക്കാറിനോടാവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോടൊപ്പം സ്വകാര്യവിദ്യാലയങ്ങൾ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.