സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലേക്ക് സ്കൂളുകൾക്ക് അപേക്ഷിക്കാം
text_fieldsതൃശൂർ: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നും പൊലീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.keralapolice.gov.in നിന്നും ഡൗൺലോഡ് ചെയ്ത് സ്കൂൾ പ്രധാനാധ്യാപകൻ/പ്രാധാനാധ്യാപിക പൂരിപ്പിച്ച് സെപ്റ്റംബർ 13ന് വൈകീട്ട് അഞ്ചിനകം spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ മുഖേന എസ്.പി.സി ഡയറക്ടറേറ്റിലും അതിന്റെ അസ്സലും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ല നോഡൽ ഓഫിസിൽ നേരിട്ടും സമർപ്പിക്കണം.
അപേക്ഷ ഫോറത്തിന്റെ കൂടെയുള്ള അനുബന്ധം (I), (II) & (III) എന്നിവ നിർബന്ധമായും പൂരിപ്പിച്ച് അപേക്ഷക്കൊപ്പം വെക്കണം. കൂടാതെ അപേക്ഷയുടെ പകർപ്പ് അനുബന്ധം (IV) സഹിതം അതത് പൊലീസ് സ്റ്റേഷനിൽ നേരിട്ട് സമർപ്പിക്കണം.
അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും 13ന് വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കണം. വൈകിയതും അപൂർണവുമായ അപേക്ഷ പരിഗണിക്കില്ല.
ഹൈസ്കൂൾ വിഭാഗത്തിൽ കുറഞ്ഞത് 500 വിദ്യാർഥികളും പദ്ധതിയിൽ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസ്സിൽ കുറഞ്ഞത് 100 വിദ്യാർഥികളും നിർബന്ധമായും വേണം. അധ്യാപക-രക്ഷാകർതൃ സമിതി സജീവമായി പ്രവർത്തിക്കുകയും ശിശു സൗഹാർദ മനോഭാവവും സന്നദ്ധതയും ഉള്ള രണ്ട് ഹൈസ്കൂൾ സ്ഥിരാധ്യാപകരെ കമ്യൂണിറ്റി പൊലീസ് ഓഫീസർ, അഡിഷനൽ കമ്യൂണിറ്റി പൊലീസ് ഓഫിസർ തസ്തികകളിൽ നിയോഗിക്കുകയും വേണം. ഈ അധ്യാപകർ 50 വയസ്സിൽ താഴെയുള്ളവരും ശാരീരിക, മാനസിക ക്ഷമതയുള്ളവരും എസ്.പി.സി പദ്ധതിയുടെ പരിശീലന പദ്ധതികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരായിരിക്കണം.
പെൺകുട്ടികൾ അപേക്ഷകരായുള്ള സ്കൂളുകളിൽ പദ്ധതി നയിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന കമ്യൂണിറ്റി പൊലീസ് ഓഫിസർ, അഡീഷനൽ കമ്യൂണിറ്റി പൊലീസ് ഓഫിസർ എന്നിവയിൽ ഒരാൾ വനിതയായിരിക്കണം. കായിക ക്ഷമത പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ്.പി.സി ഓഫിസ് സജ്ജീകരിക്കാനുള്ള മുറി, കേഡറ്റുകൾക്ക് എസ്.പി.സി യൂനിഫോമും പി.ടി ഡ്രസും മാറാൻ സൗകര്യപ്രദവും അടച്ചുറപ്പുള്ളതുമായ മുറി, മറ്റ് അത്യാവശ്യ സൗകര്യങ്ങൾ എന്നിവയും നിർബന്ധമാണ്.
അതത് എസ്.എച്ച്.ഒമാരും ജില്ല നോഡൽ ഓഫിസർമാരും അപേക്ഷ പരിശോധിച്ച് അതിൽ പറഞ്ഞത് ശരിയാണോ എന്ന് നേരിട്ട് അന്വേഷിക്കും. എസ്.പി.സി പദ്ധതി അനുവദിക്കാൻ ഇതുവരെ സമർപ്പിച്ച അപേക്ഷകൾ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒഴിവാക്കിയതിനാൽ പ്രസ്തുത സ്കൂളുകൾ പുതിയതായി അപേക്ഷിക്കണം.
അപേക്ഷയിൽ പ്രതിപാദിച്ച വസ്തുതകളും അവകാശ വാദങ്ങളും തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത സ്കൂളിനെ പദ്ധതിയിലേക്ക് പരിഗണിക്കില്ല. എസ്.പി.സി പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് എസ്.പി.സി ഡയറക്ടറേറ്റിലെ 0471 2432655 എന്ന ഫോൺ നമ്പരിൽ ഓഫിസ് സമയത്ത് വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.