സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന് സ്കൂളിന് തീരുമാനിക്കാം -ഹൈകോടതി
text_fieldsകൊച്ചി: സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനമെടുത്തശേഷം അത് നടപ്പാക്കാൻ സഹായം വേണമെങ്കിൽ സർക്കാർ അടക്കം എതിർകക്ഷികൾ അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദേശിച്ചു.
സ്കൂളിൽ രാഷ്ട്രീയപ്രവർത്തനം നിരോധിക്കുക, രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പ് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ പട്ടാനൂർ കെ.പി.സി.എച്ച്.എസ്.എസ് പ്രിൻസിപ്പലും മാനേജറും നൽകിയ ഹരജിയിലാണ് ഉത്തരവ്. തങ്ങളുടെ സ്കൂളിൽ തെരഞ്ഞെടുപ്പിന്‍റെ പേരിൽ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ ഇവർ പ്രാപ്തരല്ല. തങ്ങളുടെ സ്കൂൾ വളപ്പിൽ രാഷ്ട്രീയപ്രവർത്തനം നടത്താനോ തെരഞ്ഞെടുപ്പ് നടത്താനോ അവകാശമില്ലെന്നും ഹരജിയിൽ പറയുന്നു. സ്കൂൾ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.
സർക്കാറിന് പുറമെ വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് ഹരജി. ഇത് ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.