സ്കൂളുകൾ ഇന്ന് തുറക്കുന്നു; 42 ലക്ഷം കുട്ടികൾ പഠനാരവങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച പുതിയ അധ്യയന വർഷത്തിലേക്ക്. 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് വീണ്ടും പള്ളിക്കൂടമുറ്റത്തെത്തുന്നത്. ഇതിൽ മൂന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തുന്ന നവാഗതരായിരിക്കും.
കഴിഞ്ഞ വർഷം സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,03,179 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. ഈ വർഷത്തെ കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിനുശേഷം വ്യക്തമാകും. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഉൾപ്പെടെ 15,452 സ്കൂളുകളാണ് വ്യാഴാഴ്ച തുറക്കുന്നത്. ഇതിൽ 5813 സർക്കാർ സ്കൂളും 8159 എയ്ഡഡ് സ്കൂളും ഉൾപ്പെടുന്നു. 6849 എൽ.പി സ്കൂൾ, 3009 യു.പി, 3128 ഹൈസ്കൂൾ, 2077 ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളാണ് അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് നടത്തിയത്. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
2023-24 വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്യും. ജില്ല തലത്തിലും സ്കൂൾ തലത്തിലും പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.