നാളെ സ്കൂൾ തുറക്കും; ശനിയാഴ്ചയും ക്ലാസ്, 21 മുതൽ വൈകുന്നേരം വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളിൽ ഓഫ്ലൈനായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.
നാളെ മുതൽ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാർക്ക് ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ അധ്യായനം തുടരാം. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.
10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകൾ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 നകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തി റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതാണെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷയുണ്ടാകും. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണമെന്ന് നിർദേശമുണ്ട്.
പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകണമെന്നും ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.