അംഗീകാരമില്ലാത്ത സ്കൂളുകൾ ഉടൻ പൂട്ടണമെന്ന് ഡി.പി.െഎ
text_fieldsമലപ്പുറം: അംഗീകാരമില്ലാത്ത സ്കൂളുകൾ ഉടൻ അടച്ചുപൂട്ടി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം ഇ മെയിൽ വഴിയെത്തിയ ഉത്തരവ് ഡി.ഡി.ഇ ഒാഫിസ് വഴി ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസുകളിലെത്തി. 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകൾക്കും ഇത് ബാധകമാണെന്ന് ഡി.പി.െഎയുടെ ഉത്തരവിൽ പറയുന്നു.
അംഗീകാരമില്ലാത്ത പ്രൈമറി സ്കൂളുകൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട എ.ഇ.ഒമാരാണ്. ഹൈസ്കൂളുകൾക്കെതിരെ ഡി.ഇ.ഒ നടപടിയെടുക്കണം. ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സി.ബി.എസ്.ഇ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇവക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകും. സംസ്ഥാന സർക്കാറിെൻറ നിരാേക്ഷപപത്രമുള്ള സി.ബി.എസ്.ഇ സ്കൂളുകൾക്കെതിരെ നടപടിയെടുക്കില്ല. അംഗീകാരമില്ലാത്ത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യത ഇല്ലാത്ത അധ്യാപകരെ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്നുമുള്ള വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷെൻറ മാർഗനിർദേശവും അടച്ചുപൂട്ടലിന് പിൻബലമായി ഡി.പി.െഎയുടെ ഉത്തരവിൽ പറയുന്നു. ജില്ല കലക്ടറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഇടതുസർക്കാർ അധികാരത്തിലെത്തിയതോടെയാണ് അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അതേസമയം, ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ എങ്ങോട്ടു മാറ്റുമെന്നതു സംബന്ധിച്ച് ഉത്തരവിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.