ചാലക്കുടി സയന്‍സ് സെൻററിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളും അഴിമതിയും
text_fieldsതിരുവനന്തപുരം: സയന്‍സ് മ്യൂസിയത്തിന് കീഴിലെ ചാലക്കുടി സയന്‍സ് സെൻററിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളും അഴിമതിയും നടന്നതായി ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസവകുപ്പിെൻറ കീഴിലുള്ള കേരള സ്റ്റേറ്റ് സയന്‍സ് ആൻറ് ടെക്നോളജി മ്യൂസിയത്തിെൻറ കീഴിൽ ചാലക്കുടിയില്‍ പുതുതായി തുടങ്ങുന്ന സയന്‍സ് സെൻററിെൻറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഗുരതരമായ ക്രമക്കേടുകള്‍. വകുപ്പു തല അന്വേഷണത്തിലും ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ക്രമക്കേടുകൾക്ക് കാരണക്കാരായ കരാര്‍ കമ്പനിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപെട്ടുള്ള റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ലഭിച്ചതാണ്. വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ, കരാർ പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തുക മുഴുവനായും കരാറുകാരന് നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സയന്‍സ് സെൻററിലെ ഗാലറി കെട്ടിടത്തിെൻറ നിര്‍മ്മാണത്തിനായി 6.47 കോടി രൂപയും പ്ലാനറ്റേറിയം കെട്ടിടത്തിന് 1.90 കോടി രൂപയുമാണ് ടെന്‍ഡര്‍ പ്രകാരമുള്ള കരാർ തുക. ഗാലറി കെട്ടിടത്തിെൻറ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കരാർ തുകയുടെ 95 ശതമാനവും (6.14 കോടി) പ്ലാനറ്റേറിയം കെട്ടിടത്തിെൻറ 80 ശതമാനവും (1.54 കോടി) അനുവദിക്കുകയും ചെയ്തു. ധനകാര്യവകുപ്പിെൻറ നിർദേശങ്ങൾ മറികടന്നാണ് കരാർ കമ്പനിക്ക് തുക നൽകുന്നത്.
എന്നാല്‍, കെട്ടിടത്തിെൻറ നിര്‍മ്മണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഗാലറി കെട്ടിടത്തിെൻറ ഫാൾസ് സീലിങ് അടര്‍ന്ന് വീണു. രണ്ടു കെട്ടിടങ്ങളിലും മഴക്കാലത്ത് ചോര്‍ച്ച കണ്ടത്തുകയും ചെയ്തിരുന്നു. കരാര്‍ പ്രകാരം 2018 ൽ പൂർത്തിയാക്കേണ്ട പണികള്‍ ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ഉത്തരവ് പ്രകാരം ധനകാര്യവകുപ്പിെൻറ പരിശോധന വിഭാഗം സയന്‍സ് മ്യൂസിയത്തില്‍ പരിശോധനകള്‍ നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതാണ്. ക്രമക്കേടുകള്‍ വിജിലൻസ് അന്വേഷിക്കണമെന്ന് സയന്‍സ് മ്യൂസിയത്തിലെ ജീവനക്കാര്‍ തന്നെ പറയുന്നു.
വകുപ്പ്തല അന്വേഷണത്തിെൻറ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തരുണ്‍ലാല്‍, കോട്ടയം രാജീവ് ഗാന്ധി സിവില്‍ എന്‍ഞ്ചീനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രാഫസര്‍ ഡോ. പ്രവീണ്‍, തിരുവനന്തപുരം എന്‍ഞ്ചീനിയറിങ് കോളേജിലെ ഡോ. ജെ.സേവ്യര്‍ എന്നിവര്‍ സയന്‍സ് മ്യൂസിയത്തിലെ അഴിമതി പരിശോധിക്കുകയും റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയും ചെയ്തതാണ്. എന്നാൽ, ഇതിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.