ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഒന്നും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് എ.എൻ. ഷംസീർ
text_fieldsകൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണു കേരളത്തിലെന്നു സ്പീക്കർ എ.എൻ.ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും എ.എൻ.ഷംസീർ വിശദീകരിച്ചു.
സഹോദരൻ അയ്യപ്പൻ പുരസ്കാരം നൽകി പ്രസംഗിക്കവേയാണു ഷംസീറിന്റെ പരാമർശം. ഗണപതിയെ കുറിച്ചുള്ള സ്പീക്കറുടെ പരാമർശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങൾ ഉയരുകയും ചെയ്തിരുന്നു. പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രസ്താവന പിൻവലിക്കേണ്ടതില്ലെന്ന നിലപാട് സി.പി.എം സ്വീകരിക്കുകയായിരുന്നു.
ഷംസീറിെൻറ പ്രസംഗം
പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും. ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’ -എന്നായിരുന്നു ഷംസീർ പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.