ശാസ്ത്രോത്സവം: മലപ്പുറം മുന്നിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിക്ക് ശാസ്ത്ര വിസ്മയങ്ങളുടെ പുതിയ കാഴ്ചകളൊരുക്കി 55ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ലയുടെ മുന്നേറ്റം. 311 പോയന്റുമായാണ് മലപ്പുറം കുതിപ്പ് തുടരുന്നത്. കോഴിക്കോടും (302), തൃശൂരും (298) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആതിഥേയരായ തിരുവനന്തപുരം അഞ്ചാം സ്ഥാനത്താണ്. 50 ഇനങ്ങളില്‍ വെള്ളിയാഴ്ച മത്സരങ്ങള്‍ പൂർത്തിയായി. സ്കൂൾ തലത്തിൽ 52 പോയൻറുമായി വയനാട് മാനന്തവാടി ഗവ. വി.എച്ച്.എസ്.എസാണ് മുന്നിൽ.
50 പോയൻറുമായി പാലക്കാട് വാണിയാംകുളം ടി.ആർ.കെ എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 48 പോയൻറുമായി ആലപ്പുഴ പൂങ്കവ് എം.ഐ.എച്ച്.എസും 46 പോയൻറുമായി കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസും പിന്നാലെയുണ്ട്. സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയമേള, ശാസ്ത്ര, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റിൽ, വർക്കിങ് മോഡൽ, ഐ.ടി മേള വിഭാഗങ്ങളിലാണ് വെള്ളിയാഴ്ച മത്സരം നടന്നത്. ശനിയാഴ്ച ഇതേ വിഭാഗത്തിൽ ഹയർ സെക്കൻഡറി മത്സരങ്ങൾ നടക്കും. ശാസ്ത്രോത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങും.
'ഇനി വെള്ളത്തിൽ കണ്ണീർ വീഴരുത്'... വരൂ ഒരു സുരക്ഷിത ബോട്ട് യാത്ര പോകാം...
ബോട്ടപകടം സൃഷ്ടിച്ച നൊമ്പരമാണ് പ്രതിവിധിക്കുള്ള ശാസ്ത്രചിന്തക്ക് വഴിതുറന്നത്
തിരുവനന്തപുരം: പുഴകളും ജലാശയങ്ങളും നിറഞ്ഞ കേരളത്തിൽ ജലയാനങ്ങളുടെ സുരക്ഷിതത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. ചെറുതും വലുതുമായ ബോട്ടപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച നാട്ടിൽ ഇനി അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാനുള്ള ശാസ്ത്രീയ പ്രതിവിധി നിർദേശിക്കുകയാണ് മലപ്പുറം മമ്പറം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യർഥികളായ അദ്വിക് വിഷ്ണുവും അവന്തിക മനോജും. എച്ച്.എസ് വിഭാഗം വർക്കിങ് മോഡലിലാണ് ബോട്ടപകടം ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതികൾ ഇവർ അവതരിപ്പിച്ചത്.
‘എ സേഫ് ബോട്ട് ജേർണി’ എന്ന തലക്കെട്ടിലാണ് പ്രൊജക്ട് തയാറാക്കിയത്. അമിതഭാരംമൂലം ബോട്ട് മറിയുന്നത് തടയാനായി പ്രത്യേക എയർബാഗ് പ്രവർത്തിക്കും. ബോട്ടിന് തീപിടിക്കുന്ന ഘട്ടത്തിൽ അലാറം മുഴങ്ങും, വാട്ടർ പമ്പ് വെള്ളം ചീറ്റി തീ നിയന്ത്രിക്കും. മദ്യപിച്ചാണ് ഡ്രൈവർ എത്തുന്നതെങ്കിൽ ‘പിടിക്കാൻ’ ആൽക്കഹോൾ ഡിറ്റക്ടർ ഉണ്ട്. മദ്യലഹരിയിലുള്ള ഡ്രൈവർ മാറാതെ ബോട്ട് ചലിക്കില്ല. സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തനം. കൂട്ടിയിടി ഒഴിവാക്കാൻ സെൻസറുകളുണ്ട്. മലപ്പുറം തൂവൽതീരത്ത് നടന്ന ബോട്ടപകടം കുഞ്ഞുമനസുകളിൽ സൃഷ്ടിച്ച നൊമ്പരമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രതിവിധി നിർദേശിക്കാനുള്ള ശാസ്ത്രചിന്തക്ക് വഴിതുറന്നത്.
ചക്രക്കസേര ചലിക്കും; മിഴിയനക്കങ്ങളിൽ ...
സെൻസറുള്ള കണ്ണടയാണ് നിയന്ത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത്
തിരുവനന്തപുരം: ചക്രകസേരയിലെ യാത്ര ദുഷ്കരമാണ്. പരസഹായം കൂടാതെയുടെ ചലനത്തിന് തടസ്സങ്ങളേറെ. ആരെയും ആശ്രയിക്കാതെ വീൽചെയറിൽ സഞ്ചരിക്കാനുള്ള സാങ്കേതികവിദ്യയൊരുക്കിയിരിക്കുകയാണ് കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിലെ കെ.എ. മുഹമ്മദ് ഷാനും പി. നിയയും.
കസേരയില്‍ ഇരിക്കുന്നവര്‍ പ്രത്യേക കണ്ണട ധരിക്കണം. ഇതില്‍ ഐ.ആര് സെന്‍സറുണ്ട്. കണ്ണട ധരിച്ചയാളുടെ കണ്ചിമ്മലിലൂടെ വീല്‍ചെയര്‍ മുന്നോട്ടുനീങ്ങും. മുന്നിൽ തടസ്സങ്ങള്‍ ഉണ്ടെങ്കിൽ നിര്‍ത്താനുള്ള സെന്‍സര്‍ സംവിധാനം പ്രവർത്തിക്കും. ഏത് ഭാഗത്തേക്കാണോ നോക്കുന്നത് ആ ഭാഗത്തേക്ക് വീല്‍ചെയര്‍ സഞ്ചരിക്കും. മുന്നിൽ തടസ്സമുണ്ടെങ്കിൽ അലാറം മുഴങ്ങും.
സ്കൂളിലെ പരിപാടിക്കെത്തിയ സിവില്‍ സര്‍വിസ് നേടിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് സഞ്ചരിക്കാൻ നേരിട്ട പ്രയാസങ്ങള്‍ കണ്ടപ്പോഴാണ് ഇത്തരം സംവിധാനമൊരുക്കണമെന്ന ആശയം രൂപപ്പെട്ടത്. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ലക്ഷ്യം സാക്ഷാത്കരിക്കുകയായിരുന്നു. നീറാട് സ്വദേശി അബ്ദുല്‍ സലീം-സക്കീന എന്നിവരാണ് ഷാനിന്റെ മാതാപിതാക്കള്‍. തുറയ്ക്കല്‍ സ്വദേശി നാസര്‍- സക്കീന ദമ്പതികളുടെ മകളാണ് നിയ.
രക്ഷ ഒറ്റയിടത്ത് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ‘ഫൈവ് ഇൻ ട്രക്ക്’
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനത്തിനും വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും പലതരം വാഹനങ്ങൾ തേടി അലയേണ്ട സ്ഥിതിക്ക് പരിഹാരം നിർദേശിക്കുകയാണ് ഇവർ.
എക്സ്കവേറ്റർ, ക്രെയിൻ, മരംമുറിക്കൽ, വെള്ളം ചീറ്റൽ, ഡമ്പിങ് എന്നിവ സാധ്യമാക്കുന്ന വാഹനമൊരുക്കി കാസർകോട് ചർക്കള സെൻട്രൽ ജി.എച്ച്.എസ്.എസിലെ പി.സി. മുഹമ്മദ് ഷാമിലും ഇ.എ. അഹമ്മദ് നിബ്റാസും ശാസ്ത്രോത്സവത്തിൽ ശ്രദ്ധയാകർഷിച്ചു. അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും വിവിധ വാഹനങ്ങൾ ഉപയോഗിക്കുന്നതുമൂലമുള്ള ചെലവുകുറക്കാനും അഞ്ച് വാഹനങ്ങൾ പ്രവർത്തിക്കുമ്പോഴുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും ‘ഫൈവ് ഇൻ ട്രക്ക്’ സഹായകമാകുമെന്ന് ഇവർ വിശദീകരിക്കുന്നു.
ഒരേ സമയം ഒന്നിലേറെ പ്രവര്‍ത്തനങ്ങള്‍ വാഹനത്തിന് നടത്താനാകും. വാഹനത്തിന് അഞ്ച് ഗിയറും ഒരു റിവേഴ്സ് ഗിയറുമുണ്ട്. കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിൽ നിബ്റാസ് അവതരിപ്പിച്ച ഹൈബ്രിഡ് കാർ മാതൃകയും ശ്രദ്ധേയമായിരുന്നു. നിബ്റാസ് വികസിപ്പിച്ച ഹൈബ്രിഡ് കാർ സതേൺ ഇന്ത്യ സയൻസ് ഫെയറിലും ഇടംനേടി.
പാഴല്ല, പിറന്നത് കൗതുകം
അകക്കണ്ണാല്‍ വിസ്മയം തീര്‍ത്ത് അജയ്
കാഴ്ച പരിമിതരുടെ പാഴ്വസ്തു നിര്‍മാണത്തില്‍ മൂന്നാം സ്ഥാനം
തിരുവനന്തപുരം: സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ അകക്കണ്ണാല്‍ വിസ്മയം തീര്‍ത്ത് മഹാരാഷ്ട്ര സ്വദേശി അജയ്. ഉപയോഗശൂന്യമായ തുണിയുപയോഗിച്ച് ഉൾക്കണ്ണിന്റെ കരുത്തില്‍ അജയ് മനോഹരമായ മേശ നിര്‍മിച്ചപ്പോള്‍ അതില്‍ തന്റെ ദേശത്തെ കരകൗശല കലയുടെ ‘ടച്ചും’ പ്രകടമായി. കാഴ്ച പരിമിതരുടെ പാഴ്വസ്തു നിര്‍മാണത്തില്‍ അജയ് മൂന്നാം സ്ഥാനം നേടി.നാല് വര്‍ഷം മുമ്പ് പിതാവിനൊപ്പമാണ് അജയ് കേരളത്തിലെത്തിയത്.
കോഴിക്കോട് നഗരത്തില്‍ നിർമാണ ജോലി ചെയ്യാനെത്തിയ പിതാവ് അജയിനെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള റഹ്മാനിയ്യ സ്കൂളില്‍ ചേര്‍ത്തു. അവിടെ അധ്യാപകനായ നൗഷാദിന്റെ പിന്തുണയിലാണ് കരകൗശല നിര്‍മാണം പഠിച്ചത്. നാല് വര്‍ഷത്തിനിടെ ജില്ല, സബ്ജില്ല പ്രവൃത്തി പരിചയ മേളകളില്‍ നിരവധി സമ്മാനങ്ങൾ നേടി. ഒടുക്കം സംസ്ഥാന സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ മൂന്നാം സ്ഥാനവും. അടുത്ത വര്‍ഷം ഒന്നാമതെത്തുമെന്നാണ് അജയിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.