യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതല്ലെന്ന് വിദഗ്ധ സമിതി
text_fieldsകോഴിക്കോട്: പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. സർക്കാറിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ 2017ലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ഇൻസ്ട്രുമെന്‍റ് രജിസ്റ്റർ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2012ലും 2016ലും താമരശ്ശേരി ആശുപത്രിയിൽവെച്ച് സിസേറിയൻ നടത്തിയിരുന്നു. അന്ന് ഇൻസ്ട്രുമെന്‍റ് രജിസ്റ്റർ ഉണ്ടായിരുന്നില്ല. അതിനാൽ ഏത് ആശുപത്രിയിലേതാണ് കത്രികയെന്ന് കണ്ടെത്താനായിട്ടില്ല.
നേരത്തെ, കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ ആഭ്യന്തര കമീഷൻ റിപ്പോർട്ടും ഇതേകാര്യം തന്നെയാണ് പറഞ്ഞിരുന്നത്. മനുഷ്യാവകാശ കമീഷന് നൽകിയ മറുപടിയിലും യുവതിയുടെ വയറ്റിൽ കത്രിക രൂപത്തിലെ ഉപകരണമായ ഫോർസെപ്സ് കണ്ടെത്തിയതിൽ കുറ്റം തങ്ങളുടേതല്ലെന്നായിരുന്നു അധികൃതർ വിശദീകരിച്ചിരുന്നത്.
2017 നവംബറിലാണ് അടിവാരം സ്വദേശിനി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ഇതോടെയാണ് യുവതിക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. ആറുമാസത്തോളം കടുത്ത വയറുവേദന അനുഭവപ്പെട്ടു. കടുത്ത ആരോഗ്യപ്രശ്നം മൂലം നടത്തിയ സ്കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ മെറ്റൽ ഉപകരണം കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.