യുവതിയുടെ വയറ്റിൽ കത്രിക; മെഡി. കോളജിൽ അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ 'മോസ്ക്വിറ്റോ ആർട്ടെറി ഫോർസെപ്സ്' മറന്നുവെച്ച സംഭവത്തിൽ മെഡി. കോളജിൽ അന്വേഷണം ആരംഭിച്ചു. ആശുപത്രി രേഖകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്ന നടപടിയാണ് ആരംഭിച്ചത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ചുമതലയുണ്ടായിരുന്ന ഡോക്ടർ രണ്ടുവർഷം മുമ്പ് വിരമിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിലവിൽ മെഡി. കോളജിൽ അല്ല സേവനമനുഷ്ഠിക്കുന്നത് എന്നാണ് വിവരം. ഡോക്ടറുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികൾ വരുംദിവസങ്ങളിലുണ്ടാവും. രോഗിയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ആരായും. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാവുമെന്നാണ് അധികൃതർ പറയുന്നത്. കത്രികയോട് രൂപസാദൃശ്യമുള്ള ഉപകരണമാണ് 'മോസ്ക്വിറ്റോ ആർട്ടെറി ഫോർസെപ്സ്'. ശസ്ത്രക്രിയവേളയിൽ രക്തക്കുഴലുകൾക്ക് ക്ലാമ്പ് ആയി ഉപയോഗിക്കുന്നതാണിത്. മെഡിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചതായതിനാൽ മറ്റ് അപകടങ്ങൾക്കൊന്നും സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് പലഭാഗത്തേക്കും നീങ്ങുമത്രെ. രോഗിയുടെ മൂത്രസഞ്ചിയിലേക്ക് അങ്ങനെ നീങ്ങിയെത്തിയതാവാമെന്നാണ് നിഗമനം.
ഉപകരണം രോഗിയുടെ വയറ്റിൽ മറന്നുവെക്കുന്ന സംഭവം അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ദിവസേന അനവധി ശസ്ത്രക്രിയകൾ നടക്കുന്ന മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇത്തരം സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചു വർഷം യുവതി ഈ ഉപകരണം ശരീരത്തിൽ അകപ്പെട്ടത് അറിയാതെ ജീവിച്ചുവെന്നതാണ് സംഭവത്തെ അത്യപൂർവമാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം പിന്നീട് നടന്ന പരിശോധനകളിലൊന്നും ഇത് കണ്ടെത്താനായില്ല.
ആറു മാസം മുമ്പാണ് കടുത്തവേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് യുവതി പറയുന്നു. 2017 നവംബറിലാണ് അടിവാരം സ്വദേശി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസ്സായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ കാന്‍സറോ ബാധിച്ചെന്നുവരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സി.ടി സ്കാനിങ്ങിലാണ് ശരീരത്തില്‍ ഉപകരണം കിടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.