ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോർജ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുൽ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തില്‍ ജോയിന്റ് ഡയറക്ടര്‍ നഴ്സിങ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന് എന്നിവരാണുള്ളത്.
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിന്മേല് അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നേരത്തെ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാൻ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ 'മോസ്ക്വിറ്റോ ആർട്ടെറി ഫോർസെപ്സ്' ആണ് മറന്നുവെച്ചത്. 2017 നവംബറിലാണ് അടിവാരം സ്വദേശി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നീട് നടന്ന പരിശോധനകളിലൊന്നും ഇത് കണ്ടെത്താനായില്ല.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സി.ടി സ്കാനിങ്ങിലാണ് ശരീരത്തില്‍ ഉപകരണം കിടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ചുമതലയുണ്ടായിരുന്ന ഡോക്ടർ രണ്ടുവർഷം മുമ്പ് വിരമിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിലവിൽ മെഡി. കോളജിൽ അല്ല സേവനമനുഷ്ഠിക്കുന്നത് എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.