വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസിന് കൈമാറി
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഡി.എം.ഒ ഡോ. കെ.കെ രാജാറാം, കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശന് റിപ്പോർട്ട് കൈമാറി. ഡോ. കെ.കെ രാജാറാമിന്‍റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന ബോർഡ് സിറ്റിങ്ങിൽ കോട്ടപ്പറമ്പ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദിലീപ്, ജനറൽ ആശുപത്രിയിലെ സർജറി വിദഗ്ധൻ ഡോ. വിനോദ്കുമാർ, മെഡിസിൻ വിഭാഗത്തിലെ ഡോ. ജമീൽ സജീർ, അനസ്തേഷ്യ വിദഗ്ധ ഡോ. മിനി കമല, ഫോറൻസിക് വിഭാഗത്തിൽനിന്ന് ഡോ. മൃദുല, എറണാകുളം ജനറൽ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. സലീം, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയദീപ്, മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വയറ്റിൽ ആർട്ടറി ഫോർസെപ്‌സ് കുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് നേരത്തെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർനടപടികൾക്കായി മെഡിക്കൽ ബോർഡ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.പി ഡി.എം.ഒക്ക് കത്ത് കൈമാറി. ഈ മാസം ഒന്നിന് ബോർഡ് വിളിക്കാൻ തീരുമാനിച്ചു. എന്നാൽ, റോഡിയോളജിസ്റ്റിനെ ലഭിക്കാത്തതിനാൽ അന്നത്തെ യോഗം മാറ്റിവച്ചു. തുടർന്ന് ഹർഷിനയും സമരസമിതി നേതാക്കളും ഡി.എം.ഒ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് ഡി.എം.ഒയുടെ ആവശ്യപ്പെട്ട പ്രകാരം ആരോഗ്യവകുപ്പ് എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് റേഡിയോളജിസ്റ്റിനെ അനുവദിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ബോർഡ് ചേരുകയുമായിരുന്നു. സംഭവത്തിൽ നീതിതേടി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തുന്ന സമരം 80ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.