കച്ചിത്തുരുമ്പായത് സ്കോർപ്പിയോ കാറും സി.സി.ടി.വിയും
text_fieldslantoorകൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയാണ് സ്കോർപിയോ കാറിൽ പത്മത്തെ കടത്തിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. അനാശാസ്യ പ്രവർത്തനത്തിന് വന്നാൽ 15,000 രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പത്മത്തിനെ കാറിൽ കൊണ്ടുപോയത്. ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ച പത്മം അവിടെവെച്ച് പ്രതികളുമായി പണം ആവശ്യപ്പെട്ട് തർക്കത്തിലായി. ഇതിനിടെ, പ്രതികൾ പ്ലാസ്റ്റിക് ചരടുകൊണ്ട് കഴുത്തുഞെരിച്ച് ബോധം കെടുത്തി. തുടർന്ന് രഹസ്യഭാഗങ്ങളിലും മറ്റും കത്തി കയറ്റിയും കഴുത്തറുത്തും കൊലപ്പെടുത്തി. ശരീരഭാഗങ്ങൾ 56 കഷണങ്ങളാക്കി വീടിനുസമീപത്തെ കുഴിയിൽ കൊണ്ടിട്ടു.
ചോദ്യം ചെയ്യലിലാണ് ആലുവ അശോകപുരത്തെ റോസ്ലിയെയും സമാന രീതിയിൽ കൊന്നതായി തെളിഞ്ഞത്. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ജൂണിൽ റോസ്ലിയെ കോട്ടയത്തുനിന്ന് കാറിൽ ഇലന്തൂരിലെത്തിച്ചത്. ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കിടത്തിയ റോസ്ലിയുടെ രഹസ്യ ഭാഗങ്ങൾ അറുത്തുമാറ്റിയും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സി.സി. ടി.വി കണ്ടു; എല്ലാ നീക്കവും
പത്തനംതിട്ട: അയൽവാസിയായ ജോസ് തോമസിന്‍റെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളെക്കുറിച്ച് ഭഗവൽസിങ് അന്വേഷണം നടത്തി. അപ്പോഴേക്കും സിങ്ങിനും ഭാര്യ ലൈലക്കും പൊലീസിന്‍റെ പൂട്ട് വീണിരുന്നു. ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊച്ചി പൊലീസിന്‍റെ കസ്റ്റഡിയിലായത് ഇവർ അറിഞ്ഞില്ല. ഞായറാഴ്ച കടവന്ത്ര സി.ഐ വിളിച്ച് സി.സി ടി.വി ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജോസ് തോമസ്, സിങ്ങിനോട് കാര്യം തിരക്കി. ആരെയോ കാണാതായ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അറസ്റ്റിലായ പ്രതി മുമ്പ് ഇവിടെ തിരുമ്മൽ ചികിത്സക്ക് വന്നിട്ടുണ്ടെന്നും അതാകും പൊലീസ് വിളിച്ചതെന്നും ഭഗവൽസിങ് ജോസ് തോമസിനോട് പറഞ്ഞു.
ഈ സമയമൊന്നും ഒരു പരിഭ്രമവും സിങ് കാണിച്ചില്ലെന്ന് ജോസ് പറഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ പോത്തിനെ മോഷ്ടിച്ചവരെ ജോസിന്‍റെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയത് തമാശയോടെ പറഞ്ഞാണ് തങ്ങൾ പിരിഞ്ഞതെന്നും ജോസ് തോമസ് പറഞ്ഞു. അതിനിടെ ആറന്മുള എസ്.ഐയും സംഘവും ഞായറാഴ്ച രാത്രി ജോസിനെ കാണാനെത്തിയിരുന്നു. സിങ്ങിന്‍റെ വീട്ടിലെ പറമ്പിലും പരിസരത്തും പരിശോധന നടത്തിയാണ് അവർ മടങ്ങിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ മഫ്തിയിൽ എത്തിയ കടവന്ത്ര പൊലീസ് നാലുമണിക്കൂറോളം ദമ്പതികളെ ചോദ്യം ചെയ്ത ശേഷം ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നരബലി നടത്തിയതും കഷണങ്ങളാക്കി കുഴിച്ചിട്ടതും ഉൾപ്പെടെ സകല വിവരങ്ങളും സിങ്ങും ഭാര്യ ലൈലയും അന്നുതന്നെ പൊലീസിനോട് പറഞ്ഞു. ഷാഫി സ്കോർപ്പിയോയിൽവരുന്ന ദൃശ്യങ്ങൾ ജോസിന്‍റെ വീട്ടിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ മാസം ഒന്നുമുതലുള്ള ദൃശ്യങ്ങളാണ് കാമറയിലുള്ളത്. തുടർന്ന് കാമറ ഘടിപ്പിച്ച സ്ഥാപന ജീവനക്കാരെ വിളിച്ചുവരുത്തി ഹാർഡ് ഡിസ്ക് പൊലീസ് വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.