സ്ക്രീനിങ് ടെസ്റ്റ് വിജയിച്ചവർക്ക് മാത്രം അന്തിമ പരീക്ഷ; പി.എസ്.സിയിൽ സുപ്രധാന മാറ്റങ്ങൾ
text_fieldsതിരുവനന്തപുരം: സ്ക്രീനിങ് ടെസ്റ്റ് വിജയിച്ചവരെ മാത്രമേ ഇനി അന്തിമ പരീക്ഷക്ക് പരീഗണിക്കൂവെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. കാതലായ മാറ്റങ്ങളാണ് പി.എസ്.സി കൊണ്ടുവന്നിട്ടുള്ളത്. കാലങ്ങളായി ഒരൊറ്റ പരീക്ഷയാണ് ഇതുവരെ നടത്തിയിരുന്നത്. യു.പി.എസ്.സിക്ക് സമാനമായി സ്ക്രീനിങ് ടെസ്റ്റ് നടത്തിയ ശേഷം അതിൽനിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമേ ഇനി അന്തിമ പരീക്ഷക്ക് ഇരുത്തൂ.
ഇതുവഴി രണ്ടാംഘട്ടത്തിലേക്ക് മികവുള്ളവർ മാത്രമേ വരികയുള്ളൂ. അന്തിമ പരീക്ഷയിലെ റാങ്കായിരിക്കും നിയമന ലിസ്റ്റിലേക്ക് പരിഗണിക്കുക. അതേസമയം, സ്ക്രീനിങ് പരീക്ഷയിലെ മാർക്ക് അന്തിമ പരീക്ഷ ഫലത്തെ ബാധിക്കില്ല. ഇപ്രകാരമുള്ള ആദ്യ പരീക്ഷ ഡിസംബറിൽ നടക്കും.
ഉദ്യോഗാർഥികൾ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു മാറ്റാമായിരുന്നു ഇതെന്ന് ചെയർമാൻ പറഞ്ഞു. സർക്കാറിെൻറ അനുമതിയോടെ ഭേദഗതി തിങ്കളാഴ്ച നിലവിൽ വന്നു. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി യോഗ്യതക്കനുസരിച്ചായിരിക്കും സ്ക്രീനിങ് ടെസ്റ്റ് നടത്തുക. പുതിയരീതി നിലവിൽ വരുന്നതോടെ അന്തിമ പരീക്ഷ ഫലം ഒന്ന്-രണ്ട് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാൻ കഴിയും. പുതിയ രീതി നടപ്പാക്കുന്നതിനാലാണ് നാനൂറിലേറെ പുതിയ പരീക്ഷ വിജ്ഞാപനങ്ങൾ പി.എസ്.സി നൽകാതിരുന്നത്.
കോവിഡ് കാരണം മാറ്റിയ പരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്നും ചെയർമാൻ അറിയിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഓൺലൈൻ സംവിധാനം ഒരുക്കും. ഇവർ താൽക്കാലികമായി മാത്രമായിരിക്കും ലിസ്റ്റിലുണ്ടാവുക. മെയിൻ ലിസ്റ്റ് ഇടുന്നതിന് മുമ്പ് ഇവർ ഓഫിസിൽ ഹാജരാകേണ്ടതുണ്ട്.
പി.എസ്.സിയുടെ റാങ്ക് ലിസ്റ്റുകൾ സമയബന്ധിതമായി പ്രഖ്യാപിക്കും. കോവിഡ് കാലത്തും നിയമനങ്ങൾ നടക്കുന്നതിനാൽ നിലവിലെ റാങ്ക് ലിസ്റ്റുകൾ നീട്ടില്ല. അതേസമയം, പി.എസ്.സിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാനും വാദപ്രതിവാദങ്ങൾക്കും തൽക്കാലം മുതിരുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.