വടകരയിൽ ചെള്ളുപനി
text_fieldsവടകര: വടകരയിൽ സ്ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50 കാരനാണ് രോഗം ബാധിച്ചത്.
വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയുമായി ഒരാഴ്ചയോളം ചികിത്സിച്ചിട്ടും രോഗം വിട്ട് മാറാത്തതിനാൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ.കെ.സി. മോഹൻകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് ചെള്ളുപനി റിപ്പോർട്ട് ചെയ്തത്.
എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിലെ ചെള്ളുകളിൽനിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ രൂപപ്പെടുന്നത്.
വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, പേശിവേദന, ചുമ, ചെങ്കണ്ണ് പോലെ കണ്ണ് ചുവക്കൽ എന്നിവയാണ് ലക്ഷണങ്ങൾ. ഓറിയന്റിയ സുസുഗമുഷി എന്ന ബാക്ടീരിയയാണ് സ്ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്.ചിഗ്ഗറുകൾ എന്നറിയപ്പെടുന്ന ചെള്ളുകൾ വഴിയാണ് ഇതു മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്.
സാധാരണ രീതിയിൽ വലിയ അപകടങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും ചിലപ്പോൾ ന്യൂമോണിയ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസോ ആയി മാറിയാൽ മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോ. മോഹൻകുമാർ പറഞ്ഞു. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നുള്ളത് ആശ്വാസകരമാണ്. ചെള്ള് കടിച്ച് രണ്ടാഴ്ച കഴിയുമ്പോഴേക്ക് മാത്രമേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.സാധാരണഗതിയിൽ ഉറുമ്പോ കൊതുകോ കടിക്കുമ്പോൾ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, വീടുകളിൽ എലിയുടെ സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ് സ്വീകരിക്കാൻ കഴിയുന്ന മുൻകരുതലുകൾ. വടകര സഹകരണ ആശുപത്രി അധികൃതർ ഉടൻതന്നെ ജില്ല മെഡിക്കൽ ഓഫിസുമായിബന്ധപ്പെട്ട് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. മോഹൻകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.