സൂക്ഷ്മപരിശോധന തുടരുന്നു; പരിസ്ഥിതി സംവേദ മേഖല ഇനിയും കുറഞ്ഞേക്കും
text_fieldsപെരിന്തൽമണ്ണ: 98 വില്ലേജുകളിൽ തദ്ദേശസ്ഥാപനങ്ങൾ സൂക്ഷ്മപരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതോടെ സംസ്ഥാനത്തെ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇ.എസ്.എ) വിസ്തൃതിയിൽ വീണ്ടും കുറവ് വന്നേക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സൂക്ഷ്മപരിശോധന പൂർത്തിയായി. മേയ് 25നകം തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷ്മപരിശോധന നടത്തി അഭിപ്രായമറിയിക്കണമെന്നാണ് നിർദേശം.
സംസ്ഥാനത്ത് 123 വില്ലേജുകളിലായി 13,108 ചതുരശ്ര കി.മീറ്ററാണ് കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇ.എസ്.എയായി കാണിച്ചിരുന്നത്. വില്ലേജിൽ 20 ശതമാനം വനഭൂമിയുണ്ടെങ്കിൽ അത് ഇ.എസ്.എയായി കണക്കാക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. പിന്നീട് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയാണ് 9993.7 ചതുരശ്ര കി.മീ. ആക്കിയത്. ഇത് വീണ്ടും ചുരുക്കിയാണ് പുതിയ കരടിൽ 8711.98 ചതുരശ്ര കി.മീ. ആയി നിജപ്പെടുത്തിയത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇത്രയേറെ കുറച്ചത്.
സംസ്ഥാനത്ത് 11 ജില്ലകളിലായാണ് പരിസ്ഥിതി സംവേദ മേഖലയുള്ളത്. വില്ലേജ് അതിർത്തി, വന അതിർത്തി, ജനവാസ മേഖല എന്നിവയിലാണ് ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ സൂക്ഷ്മപരിശോധന നടത്തുന്നത്. വനംവകുപ്പ് പാട്ടത്തിന് നൽകിയ ഭൂമി, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശം, വനത്തോട് ചേർന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള കൃഷിഭൂമി എന്നിവയെല്ലാം പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവന്യൂ, വനം വകുപ്പുകൾ നൽകിയ വിവരങ്ങൾ പരിശോധിച്ചും സാറ്റലൈറ്റ് സർവേ മാനദണ്ഡമാക്കിയുമാണ് സ്കെച്ച് തയാറാക്കിയത്. 123 വില്ലേജുകളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്.
വില്ലേജുകൾ വിഭജിച്ച് എട്ടെണ്ണംകൂടി പിന്നീട് നിലവിൽവന്നു. അതേസമയം, അവസാന സൂക്ഷ്മപരിശോധനക്കു ശേഷം നൽകുന്ന റിപ്പോർട്ടും അംഗീകരിക്കുമെന്നുറപ്പില്ല. അവസാന വിജ്ഞാപനമിറങ്ങിയത് 2022 ജൂലൈ ആറിനാണ്. 2024 ജൂലൈ അഞ്ചിന് ഇതിന്റെ കാലാവധി കഴിയും. അഞ്ചാം തവണയാണ് കരട് വിജ്ഞാപനമിറങ്ങുന്നതെന്നതിനാൽ ഇനി സമയപരിധി നീട്ടാനാകില്ലെന്നാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിലെ വിദഗ്ധർ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.