ബി.ജെ.പി പ്രവർത്തകനെതിരായ വധശ്രമ കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ
text_fieldsകക്കോടി: പട്ടര്‍പാലം എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനും ബി.ജെ.പി പ്രവര്‍ത്തകനുമായ ഷാജിയെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേരെ പൊലീസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റു ചെയ്തു. മായനാട് പുനത്തിൽ അബ്ദുല്ല (38), പൂവാട്ട് പറമ്പ് ചായിച്ചം കണ്ടി അബ്ദുൽ അസീസ് (34) എന്നിവരെയൊണ് പൊലീസ് പിടികൂടിയത്. ഇരുവരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ 2019 ഒക്‌ടോബര്‍ 12 ന് രാത്രി ഒമ്പത് മണിയോടെ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കൊണ്ടുപോയായിരുന്നു വധിക്കാൻ ശ്രമിച്ചത്. പറമ്പില്‍ ബസാറിലേക്ക് ഒരാള്‍ ഷാജിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയും പോലൂര്‍ തയ്യില്‍താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടു കയുമായിരുന്നു.
ഓട്ടോറിക്ഷ നിര്‍ത്തിയ ഉടന്‍ പിന്നാലെ ബൈക്കിലെത്തിയവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളും ചേര്‍ന്ന് മാരകായുധങ്ങളുമായി ഷാജിയെ ആക്രമിച്ചു. ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രധാന പ്രതികളിലൊരാളെ കൂടി പിടിയാകാനുണ്ട്. അബ്ദുല്ല പാർട്ടി പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്ന ആളാന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. ഒന്നര ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്.
പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.സുരേന്ദ്രന്റെ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട് ഷാജഹാൻ എന്ന പ്രവർത്തകനെ ആക്രമിച്ചതുമായുള്ള പകയാണ് കൃത്യത്തിന് കാരണമായതത്രെ. നോർത്ത് അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ചേവായൂർ സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതികളെ ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. ഒ. മോഹൻദാസ് ,സജി, സാലു , ഹാദിൽ കുന്നുമ്മൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.