നാദാപുരത്ത് എസ്.ഡി.പി.ഐക്കും എൽ.ഡി.എഫിനും പൊതുസ്വതന്ത്ര -അബ്ദുൽ മജീദ് ഫൈസി
text_fieldsകോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ 17ാം വാർഡിൽ എൽ.ഡി.എഫ് നിർത്തിയ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കുന്നത് ഒരു പാർട്ടിയുടെയും ആളെല്ലാത്തതിനാലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി. സ്ഥാനാർഥി കത്ത് നൽകി പിന്തുണ തേടിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. രണ്ടോ മൂന്നോ വോട്ട് മാത്രമുള്ള അവിടെ പാർട്ടിക്ക് സ്വന്തമായി മത്സരിക്കാൻ ശക്തിയില്ല.
എൽ.ഡി.എഫിെൻറ ആൾ സ്വതന്ത്ര വേഷത്തിൽ നിൽക്കുകയല്ല ചെയ്യുന്നത്. അവർ പൂർണമായും സ്വതന്ത്രയാണ്. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എമ്മുമായി എസ്.ഡി.പി.ഐക്ക് ധാരണയുണ്ടെന്ന മുസ്ലിം ലീഗ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അബ്ദുൽ മജീദ് ഫൈസി.
സി.പി.എം സ്ഥാനാർഥികളെ പിന്തുണക്കാൻ നിർദേശം നൽകുക എന്നത് തങ്ങളുടെ രാഷ്്ട്രീയത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. പാർട്ടി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തനിച്ചാണ് മത്സരിക്കുന്നത്. പാർട്ടിയുടെ വിജയത്തിെൻറ തിളക്കം കുറക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ.
യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ നിലപാടുകളുമായി എസ്.ഡി.പി.െഎക്ക് വിയോജിപ്പുള്ളതിനാൽ ഇവരുമായി സഹകരിച്ചുപോവാൻ പ്രയാസമാണ്. ആരാണ് ധാരണ ചർച്ച നടത്തിയതെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരം ഗ്രാമപഞ്ചായത്ത് കുമ്മങ്കോട് ഈസ്റ്റിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണയെ ചൊല്ലിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഇടതു - വലത് പോർവിളിയായി മാറിയിരുന്നു. 17ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി ടി.വി. മുഹ്സിനയാണ് മത്സരിക്കുന്നത്. മുഹ്സിനക്ക് എൽ.ഡി.എഫ് പിന്തുണ നൽകിയതിന് പിന്നാലെ എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിയത്.
കഴിഞ്ഞ തവണ ഇൗ വാർഡിൽ മത്സരിച്ച് എസ്.ഡി.പി.ഐ 209 വോട്ട് നേടിയിരുന്നു. വാർഡിനോട് ഗ്രാമപഞ്ചായത്ത് കാലങ്ങളായി നടത്തുന്ന വിവേചനമാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കാരണമെന്നാണ് എസ്.ഡി.പി.ഐ വിശദീകരിച്ചിരുന്നത്.
മുഹ്സിന ഉൾപ്പെടെ ആറ് സ്വതന്ത്രരാണ് പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് പക്ഷം. സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടാണ് വാർഡിലെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. പ്രചാരണം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.
മുസ്ലിം ലീഗ് കുടുംബാംഗമാണ് താനെന്നും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണെന്നും വിവിധ കോണുകളിൽനിന്ന് പിന്തുണയുണ്ടെന്നുമാണ് സ്ഥാനാർഥി മുഹ്സിനയുടെ നിലപാട്. സുമയ്യ പാട്ടത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി. ബി.ജെ.പിയുടെ അനിതയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.