എസ്.ഡി.പി.ഐ പിന്തുണ; കോൺഗ്രസിന് തള്ളാനും കൊള്ളാനും വയ്യ
text_fieldsതിരുവനന്തപുരം: എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ, മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിൽ കോൺഗ്രസ്. കനത്ത വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ വോട്ടുകൾ കോൺഗ്രസിന് ആശ്വാസമാണ്. അതേസമയം, അത് ഇടതുപക്ഷവും ബി.ജെ.പിയും ആയുധമാക്കുമ്പോൾ വോട്ടുചോർച്ചക്കുള്ള സാധ്യതയുമുണ്ട്. 20 മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന പാട്ടിയെന്ന നിലക്ക് കോൺഗ്രസിനൊപ്പം നിൽക്കുന്നെന്നാണ് എസ്.ഡി.പി.ഐയുടെ വിശദീകരണം.
എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച കോൺഗ്രസ് വർഗീയ പിന്തിരിപ്പൻ ശക്തികളെ കൂടെക്കൂട്ടുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. നിരോധിത പി.എഫ്.ഐയുടെ ഭാഗമായ എസ്.ഡി.പി.ഐയുമായി കൂട്ടുകൂടുന്ന കോൺഗ്രസിന്റേത് രാജ്യദ്രോഹ നിലപാടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കുറ്റപ്പെടുത്തി. തീവ്രനിലപാടുള്ള ഒരു കക്ഷിയുമായും ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി. എസ്.ഡി.പി.ഐയോട് വോട്ട് ചോദിച്ചിട്ടില്ല. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും സതീശൻ വിശദീകരിച്ചു. പോര് മുറുകുമ്പോൾ എസ്.ഡി.പി.ഐ ബന്ധം പ്രധാന പ്രചാരണ വിഷയമായി മാറാനാണ് സാധ്യത.
സംസ്ഥാനത്തെ പകുതിയിലേറെ മണ്ഡലങ്ങളിൽ 10,000 ത്തിലേറെ വോട്ട് എസ്.ഡി.പി.ഐക്കുണ്ട്. സി.പി.എം, ബി.ജെ.പി ആക്രമണത്തെ ചെറുക്കാൻ എസ്.ഡി.പി.ഐയെ തള്ളിപ്പറയുന്ന കോൺഗ്രസ്, അവരുടെ വോട്ട് വേണ്ടെന്ന് പറയാത്തത് അതുകൊണ്ടാണ്. എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണ പ്രഖ്യാപനം മുസ്ലിം വോട്ട് പൊതുവിൽ കോൺഗ്രസിന് അനുകൂലമാകാൻ സഹായിക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അതേസമയം, ധ്രുവീകരണ രാഷ്ട്രീയം ശക്തമാകുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ പിന്തുണയുടെ പേരിൽ ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാതെ നോക്കുകയാണ് കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.