കെ.എസ്.ഷാന്‍ അനുസ്മരണം നടത്തി
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ അനുസ്മരണം സമ്മേളനം നടത്തി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വീണ്ടും തളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നേരിടുന്നതിനിടെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. അജിത് കുമാര്‍ ആർ.എസ്.എസ് നേതാക്കളെ സ്വമേധയാ പോയി കണ്ടതല്ല, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നതാണ് ഇതിലൂടെ ബോധ്യമാകുന്നത്.
അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കുറ്റാരോപിതന്റെ കീഴിലും നിയന്ത്രണത്തിലുമാവുമ്പോള്‍ സത്യസന്ധമായി കേസന്വേഷണം നടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ പൊതുസമൂഹം. പൂരം കലക്കല്‍ സംഭവത്തില്‍ കുറ്റാരോപിതന്‍ തന്നെ കേസന്വേഷിച്ച പരിഹാസ്യമായ നടപടികളുടെ തുടര്‍ച്ചയായിരിക്കും ഇനിയും നടക്കാന്‍ പോകുന്നത്. ആര്‍എസ്എസ് തീട്ടൂരത്തിന് മുമ്പില്‍ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും മുട്ടിലിഴയുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ കൂട്ടിലടച്ച തത്തയായി മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും മാറിയിരിക്കുകയാണ്.
സംഘപരിവാരത്തിന് വിദ്വേഷ പ്രചാരണത്തിനാവശ്യമായ വിഷയങ്ങള്‍ കണ്ടെത്തി നല്‍കുന്ന ഉത്തരവാദിത്വമാണ് സിപിഎം നേതാക്കള്‍ നിര്‍വഹിക്കുന്നത്. നിലവിലില്ലാത്ത ലൗജിഹാദ് സംബന്ധിച്ച് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന മുതല്‍ കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയ പ്രസ്താവന വരെ നിരവധിയായ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ.കെ. റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍, എസ്.ഡി.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, എസ്ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. സാലിം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.